എന്തൊരു അഹങ്കാരി...; രോഹിത്തിനെ ഫീല്‍ഡിങ് സ്ഥാനത്ത് നിന്ന് മാറ്റിയ ഹാർദിക്കിനെതിരെ ആരാധകർ
അഹ്മദാബാദ്: മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ പുതിയ നായകനാക്കിയതിലുള്ള ആരാധകരുടെ കലിപ്പ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മുംബൈയെ അഞ്ച് തവണ…
അഹ്മദാബാദ്: മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ പുതിയ നായകനാക്കിയതിലുള്ള ആരാധകരുടെ കലിപ്പ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മുംബൈയെ അഞ്ച് തവണ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ഹിറ്റ്മാനെ മാറ്റിയാണ് സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നൽകിയത്.
അന്ന് മുതല്‍ തുടങ്ങിയതാണ് ചില ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള ദേഷ്യം. സമൂഹമാധ്യമങ്ങളിലടക്കം രോഷം ആരാധകർ പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച അഹ്മദാബാദിൽ ഗുജറാത്തിനെതിരായ മത്സരത്തിലും ഹാർദിക്കിനോടുള്ള രോഷം ആരാധകർ മറച്ചുവെച്ചില്ല. താരത്തെ കൂവലോടെയാണ് ആരാധകര്‍ എതിരേറ്റത്. രോഹിത്, രോഹിത് എന്ന വിളികളും കേൾക്കാമായിരുന്നു. മത്സരത്തിനിടെയിലെ ഹാർദിക്കിന്‍റെ ശരീരഭാഷയും തീരുമാനങ്ങളും പല ആരാധകരെയും ചൊടിപ്പിച്ചു.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടീമിൽ ഉണ്ടായിരിക്കെ, ആദ്യ ഓവർ എറിയാനുള്ള ഹാർദിക്കിന്‍റെ തീരുമാനത്തിൽ മുൻ താരങ്ങൾ ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതിനിടെ രോഹിത്തിനെ ഫീൽഡിങ് സ്ഥാനത്തുനിന്ന് മാറ്റുന്ന ഹാർദിക്കിന്‍റെ വിഡിയോയും പുറത്തുവന്നു. ജെറാൾഡ് കോട്സി എറിഞ്ഞ 20ാം ഓവറിൽ രണ്ടു പന്തുകൾ മാത്രം ശേഷിക്കെയാണ് രോഹിത്തിനോട് ബൗണ്ടറി ലൈനിൽനിന്ന് മാറാൻ ഹാർദിക് നിർദേശം നൽകുന്നത്. ഇത് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല.
രോഹിത്തിനോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയിലാണ് പെരുമാറിയതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. രൂക്ഷമായ ഭാഷയിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പ്രതികരിച്ചത്. രോഹിത്തിന് യാതൊരു വിലയും നൽകുന്നില്ലെന്നും ഹാർദിക്കിന് ഇത്രക്ക് അഹങ്കാരം പാടില്ലെന്നും അവർ പറയുന്നു. എന്തായാലും പുതിയ നായകനു കീഴിലിറങ്ങിയ മുംബൈ ഗുജറാത്തിനോട് ആറു റൺസിന് പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 162 റൺസെടുക്കാനെ സാധിച്ചുള്ളു.