മൂവരും തേടിയത് അന്യഗ്രഹ ജീവിതം: അവിടുത്തെ ജീവിതരീതി ഇന്റർനെറ്റിൽ തേടി, സാത്താൻസേവയുമായി ബന്ധമെന്നു സംശയം
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം മീനടം സ്വദേശി നവീൻ…
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (40), ഭാര്യ ദേവി (40), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി നായർ (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചലിലെ ജിറോയിലുള്ള ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്ധവിശ്വാസത്തെ തുടർന്ന് മൂന്നുപേരും ജീവനൊടുക്കിയതാണെന്ന് തന്നെയാണ് പൊലീസിന്റെയും നിഗമനം. പുനർജന്മം തേടിയാണ് മൂന്നുപേരും ആത്മഹത്യ ചെയ്തതെന്നതിന് പൊലീസിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് യുവതികളെയും കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് പരിശധിക്കുന്നുണ്ട്.നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തി.
മരിച്ച മൂന്നംഗ സംഘത്തിലെ നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നു വിവരം മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനുള്ളത്. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്.
കടബാധ്യതകളില്ലെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയിൽനിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പിൽ പറയുന്നത്. മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവർ മുറിയെടുത്തത്.
അതേസമയം, മൂവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ചശേഷം ഇന്നു കൊൽക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും. മൂന്നു പേരും സഞ്ചരിച്ച കാർ ഇന്നലെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയിരുന്നു.