കരുവന്നൂർ തട്ടിപ്പ് കേസ്: സിപിഎം ഉന്നത നേതാക്കളെ ഇഡി ചോദ്യം ചെയ്തത് എട്ടര മണിക്കൂർ, വീണ്ടും ഹാജരാവണമെന്ന് നിർദേശം
കൊച്ചി: കരുവന്നൂർ തട്ടിപ്പുകേസിൽ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും എട്ടര മണിക്കൂർ ചോദ്യം ചെയ്ത…
;കൊച്ചി: കരുവന്നൂർ തട്ടിപ്പുകേസിൽ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും എട്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു.
സിപിഎമ്മിന് തൃശൂരിൽ വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി വിവരങ്ങളിലുമായിരുന്നു ചോദ്യം ചെയ്യൽ. ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം വർഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിനായി എം എം വർഗീസിനോട് ഈ മാസം 22 ന് ഹാജരാകാനും പി കെ ബിജുവിനോട് അടുത്ത ആഴ്ച ഹാജരാകാനും ഇഡി നിർദ്ദേശം നൽകി.
കരുവന്നൂരിൽ സിപിഎം പുറത്തശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ക്രമക്കേട് നടന്ന കാലയളവിൽ ഇതിലൂടെ 78 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നെന്നുമാണ് ഇഡി കണ്ടെത്തിയത്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ച ഇഡി വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നൽകിയിട്ടുണ്ട്. എന്നാൽ, കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് എം എം വർഗീസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ സ്വത്ത് വിവരങ്ങളൊന്നും മറച്ച് വെച്ചിട്ടില്ലെന്നും ഇഡിയെ ഭയക്കുന്നില്ലെന്നും വർഗീസ് കൊച്ചിയിൽ പറഞ്ഞു.
അതേസമയം, തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു. ഈ വിവരങ്ങളാണ് വർഗീസ് ഇഡിയ്ക്ക് നൽകിയിട്ടുള്ളത്. 1000 ലേറെ വരുന്ന ബ്രാഞ്ച് കമ്മിറ്റികളുടേതോ, 250 ഓളം വരുന്ന ലോക്കൽ കമ്മിറ്റിയുടേതോ മറ്റ് സ്വത്ത് വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച് ഇഡി പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഒന്നും മറച്ച് വെച്ചിട്ടില്ലെന്നാണ് വർഗീസ് പറയുന്നത്.
കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെ സഹോദരൻ വഴി പി കെ ബിജുവിന് പണം നൽകിയതിന് രേഖകളുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ചാണ് ബിജുവിനെ പ്രധാനമായും ഇഡി ചോദ്യം ചെയ്യുന്നത്. പി കെ ബിജുവിന്‍റെ നേതൃത്വത്തിൽ കരുവന്നൂർ ക്രമക്കേട് അന്വേഷിച്ച പാർട്ടി കമ്മീഷനെക്കുറിച്ചും റിപ്പോർട്ടിനെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ സിപിഎം ജില്ലാ സെക്രട്ടറി തയ്യാറായില്ല. ആ തലത്തിലുള്ള അന്വേഷണമല്ല അതെന്ന് മാത്രമാണ് വർഗീസ് വിശദീകരിക്കുന്നത്.