രാത്രി വീട്ടിൽ വരാത്ത മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം; യുവാക്കളുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

ഓർക്കാട്ടേരി: രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ ഷീബ മുക്തയായിട്ടില്ല. ഷീബയുടെ മകൻ അക്ഷയ്…

;

By :  Editor
Update: 2024-04-12 22:20 GMT

ഓർക്കാട്ടേരി: രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ ഷീബ മുക്തയായിട്ടില്ല. ഷീബയുടെ മകൻ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുപേരിൽ ഒരാൾ.രാത്രി മുഴുവൻ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്.

അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പിൽ വെറുതേ നോക്കാൻ പോയതാണ്. അപ്പോഴാണ് അക്ഷയും രൺദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയിൽ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്.

ഷീബയുടെ ഭർത്താവ് ബാബുവും മൂത്തമകൻ അർജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകൻ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. ഭർത്താവും മൂത്തമകനും ഖത്തറിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, നാട്ടുകാർ കടുത്ത ആശങ്കയിലും ഞെട്ടലിലുമാണ്. എന്തുപറ്റിയെന്ന ചോദ്യങ്ങൾക്കൊടുവിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്തുവന്നു. സിറിഞ്ച് കണ്ടെത്തിയതോടെ പലരും നടുങ്ങി. തീർത്തും ഗ്രാമീണമേഖലയായ നെല്ലാച്ചേരിയിലും മയക്കുമരുന്ന് നീരാളി എത്തിയോ എന്ന ആശങ്കയും നടുക്കവുമെല്ലാം നാട്ടുകാരിൽ നിറഞ്ഞു.

യുവാക്കൾ മരിച്ചു കിടന്ന സ്ഥലം മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന് പലരും ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരമായി ആരും വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഒട്ടേറെപ്പേരെ ഇതിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന ഓർക്കാട്ടേരി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ 11 പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒരു സ്ഥലത്തും ഇവർ സ്ഥിരം കേന്ദ്രമാക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

Tags:    

Similar News