കെ-ടെറ്റ് ജൂൺ 22, 23 തീയതികളിൽ
ലോവർ, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപക നിയമനത്തിനായുള്ള അഭിരുചിയും കഴിവും വിലയിരുത്തപ്പെടുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജൂൺ 22, 23 തീയതികളിൽ നടത്തും.…
ലോവർ, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപക നിയമനത്തിനായുള്ള അഭിരുചിയും കഴിവും വിലയിരുത്തപ്പെടുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജൂൺ 22, 23 തീയതികളിൽ നടത്തും. നാല് വിഭാഗങ്ങളിലാണ് പരീക്ഷ. 1. ലോവർ പ്രൈമറി, 2. അപ്പർ പ്രൈമറി, 3. ഹൈസ്കൂൾ, 4. ഭാഷ അധ്യാപകർ-അറബി, ഹിന്ദി, സംസ്കൃതം, ഉർദു (യു.പിതലം വരെ), സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ). കേരള പരീക്ഷ കമീഷണർക്കാണ് ചുമതല.
രാവിലെ 10 മുതൽ 12.30 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ 4.30 വരെയുമാണ് സമയക്രമം. വിശദവിവരങ്ങളടങ്ങിയ കെ-ടെറ്റ് വിജ്ഞാപനം https://ktet.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാപദ്ധതി, ഘടന, സിലബസ്, യോഗ്യത മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പരീക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിന് 250 രൂപ മതി. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. ഓൺലൈനായി ഏപ്രിൽ 26 വരെ രജിസ്റ്റർ ചെയ്യാം. ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി.
കെ-ടെറ്റ് അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ച് ടി.ടി.സി/ഡി.എസ്/ഡി.എൽ.എഡ് യോഗ്യത നേടിയിട്ടുള്ളവർക്കും മറ്റും കാറ്റഗറി ഒന്ന് പരീക്ഷക്കും, ബിരുദവും ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ് യോഗ്യതയും അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡ്/ഡി.എൽ.എഡ് യോഗ്യതയും ഉള്ളവർക്കും മറ്റും കാറ്റഗറി രണ്ട് പരീക്ഷക്കും 45 ശതമാനം മാർക്കോടെ ബി.എ/ബി.എസ്.സി/ബി.കോം ബിരുദവും അതേ വിഷയത്തിലുള്ള ബി.എഡും ഉള്ളവർക്ക് കാറ്റഗറി മൂന്ന് പരീക്ഷക്കും അപേക്ഷിക്കാം.
അറബി/ഹിന്ദി/സംസ്കൃതം/ഉർദു ഭാഷ അധ്യാപകരാകാൻ യോഗ്യത നേടിയവർ (യു.പിതലം വരെ) സ്പെഷലിസ്റ്റ് അധ്യാപകർ, കായികാധ്യാപകർക്കുള്ള യോഗ്യത നേടിയവർക്ക് കാറ്റഗറി നാല് പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. കെ-ടെറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിലുള്ളവർ 60 ശതമാനം (90 മാർക്ക്) കരസ്ഥമാക്കണം.
എസ്.സി/എസ്.ടി/ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷിക്കാർക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ നേടിയാൽ മതി. നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി, എം.എഡ് യോഗ്യതയുള്ളവർക്ക് കെ-ടെറ്റ് യോഗ്യത നേടണമെന്നില്ല.