ഐ.പി.എല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം' അരക്കിട്ടുറപ്പിച്ച് വിരാട് കോഹ്‍ലി
ഹൈദരാബാദ്: ഐ.പി.എല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് വിരാട് കോഹ്‍ലി. വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയതോടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരത്തിന്റെ റൺ സമ്പാദ്യം…
ഹൈദരാബാദ്: ഐ.പി.എല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് വിരാട് കോഹ്‍ലി. വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയതോടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരത്തിന്റെ റൺ സമ്പാദ്യം 430ലെത്തി. 2011ന് ശേഷം പത്താം സീസണിലാണ് കോഹ്‍ലി ഐ.പി.എല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്.
രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് എട്ട് കളികളില്‍ 349 റണ്‍സുമായി ഓറഞ്ച് ക്യാപിനായുള്ള മത്സരത്തിൽ രണ്ടാമതുള്ളത്. ഒമ്പത് മത്സരങ്ങൾ വീതം കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത് (342) ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ (334) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡാണ് അഞ്ചാമത്. ആർ.സി.ബിക്കെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ ഹെഡിന്റെ സമ്പാദ്യം ഏഴ് കളികളില്‍ 325 റണ്‍സാണ്.
രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ റിയാന്‍ പരാഗ് (318) സഞ്ജു സാംസണ്‍ (314) ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ (311), ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മന്‍ ഗില്‍ (304), മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശര്‍മ (303) എന്നിവരാണ് ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.
വ്യാഴാഴ്ച ഹൈദരാബാദ് സൺറൈസേഴ്സിനെതിരെ നടന്ന മത്സരത്തിൽ കോഹ്‍ലി 43 പന്തിൽ 51 റൺസാണ് നേടിയത്. കോഹ്‍ലിയുടെ മെല്ലെപ്പോക്കിനെതിരെ സുനിൽ ഗവാസ്കർ അടക്കമുള്ള മുൻ താരങ്ങളും ആരാധകരുമെല്ലാം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 16 പന്തിൽ 32 റൺസെടുത്തിരുന്ന കോഹ്‍ലി പിന്നീട് നേരിട്ട 27 പന്തില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്. ഇതില്‍ ഒരു ബൗണ്ടറി പോലും ഉണ്ടായിരുന്നില്ല. സ്വന്തം സ്കോർ ഉയർത്തുന്നതിൽ മാത്രമാണ് താരം ശ്രദ്ധിക്കുന്നതെന്നും ഇത് ടെസ്റ്റ് ഇന്നിങ്സാണെന്നുമൊക്കെയാണ് പ്രധാന വിമർശനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ ഹൈദരാബാദിന്റെ മറുപടി എട്ട് വിക്കറ്റിന് 171ൽ അവസാനിച്ചു. 35 റൺസിനായിരുന്നു ആർ.സി.ബിയുടെ ജയം.