തോമസ് കപ്പിൽ കിരീടത്തുടർച്ച തേടി ഇന്ത്യ; മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ബെയ്ജിങ്: തോമസ് കപ്പിൽ കിരീടത്തുടർച്ച തേടി ഇന്ത്യൻ പുരുഷന്മാർ വീണ്ടും റാക്കറ്റേന്തുന്നു. ഊബർ കപ്പിൽ ഇനിയും പിടിക്കാനാവാതെ വിട്ടുനിൽക്കുന്ന കിരീടം സ്വപ്നമിട്ട് ഇന്ത്യൻ വനിതകൾക്കും ചൈനയിലെ ഷെങ്ദുവിൽ…
ബെയ്ജിങ്: തോമസ് കപ്പിൽ കിരീടത്തുടർച്ച തേടി ഇന്ത്യൻ പുരുഷന്മാർ വീണ്ടും റാക്കറ്റേന്തുന്നു. ഊബർ കപ്പിൽ ഇനിയും പിടിക്കാനാവാതെ വിട്ടുനിൽക്കുന്ന കിരീടം സ്വപ്നമിട്ട് ഇന്ത്യൻ വനിതകൾക്കും ചൈനയിലെ ഷെങ്ദുവിൽ ശനിയാഴ്ച മുതൽ പോരാട്ടം.
രണ്ടു വർഷം മുമ്പാണ് പ്രതീക്ഷകളുടെ ഭാരമില്ലാതെയെത്തി പുതുചരിത്രം കുറിച്ച് ബാഡ്മിന്റണിലെ ലോകകിരീടമായി വാഴ്ത്തപ്പെടുന്ന തോമസ് കപ്പിൽ എച്ച്.എസ്. പ്രണോയിയും സംഘവും കപ്പുയർത്തുന്നത്. ലോകത്തെ ഏറ്റവും മികച്ചവരെയെല്ലാവരെയും ഓരോ ഘട്ടങ്ങളിലായി വീഴ്ത്തിയായിരുന്നു അന്ന് കിരീടനേട്ടം.
ഇത്തവണ പക്ഷേ, ചെറുടീമെന്ന ലേബലിനു പകരം വമ്പന്മാരായിട്ടാകും ഓരോ കളിയും. 2022ലേതിനു സമാനമായി വരും മത്സരങ്ങളിലും ‘മരണഗ്രൂപ്പി’ലാണ് ഇന്ത്യയുള്ളത്. ഗ്രൂപ് സിയിൽ ഇന്തോനേഷ്യ, തായ്ലൻഡ്, ഇംഗ്ലണ്ട് ടീമുകളാണ് കൂടെ അങ്കം കുറിക്കാനുള്ളത്. നിലവിലെ ലോക ചാമ്പ്യൻ കുൻലാവട്ട് വിറ്റിഡ്സൺ, യുവതാരം ടീറാറാറ്റ്സാകൽ എന്നിവരടങ്ങുന്ന തായ്ലൻഡുമായാണ് കന്നിപോരാട്ടം.
അതുകഴിഞ്ഞ് ജൊനാഥൻ ക്രിസ്റ്റി, ആന്റണി ജിന്റിങ്, മുഹമ്മദ് റിയാൻ അർഡിയാന്റോ-ഫജർ അൽഫിയൻ സഖ്യം എന്നിവരടങ്ങുന്ന മൂന്നാം സീഡുകാരായ ഇന്തോനേഷ്യയെ വീഴ്ത്തൽ കൂടുതൽ ദുഷ്കരമാകും. ഈ വർഷം ഏറ്റവും കടുത്തതാകും പോരാട്ടമെന്ന് പ്രണോയ് പറയുന്നു. ചൈന, ഡെന്മാർക്, ചൈനീസ് തായ്പെയ്, ജപ്പാൻ, ഇന്തോനേഷ്യ എന്നിങ്ങനെ രാജ്യങ്ങളുടെ ഏറ്റവും മിടുക്കരായ സിംഗിൾസ്, ഡബ്ൾസ് താരങ്ങളെ കടന്നുവേണം കിരീടസ്വപ്നം സാക്ഷാത്കരിക്കൽ.
കഴിഞ്ഞ തോമസ് കപ്പിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്ന പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, പ്രിയൻഷു രജാവത് എന്നിവരിൽതന്നെയാണ് ഇത്തവണയും പ്രതീക്ഷ. കിരൺ ജോർജും ടീമിലുണ്ട്. ഡബ്ൾസിൽ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മികച്ച ഫോമിലാണ്.
ഇവർക്ക് കൂട്ടുനൽകി ധ്രുവ് കപില-അർജുൻ എം.ആർ സഖ്യവുമുണ്ട്. എല്ലാവരും ചെറിയ കാലത്തിനിടെ കുറിച്ച വലിയ വിജയങ്ങൾ വമ്പൻ പോരാട്ടത്തിൽ കരുത്താകുമെന്നാണ് കണക്കുകൂട്ടൽ. വനിതകളിൽ പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ല.
വമ്പന്മാർ പാരിസ് ഒളിമ്പിക്സ് മുൻനിർത്തി വിട്ടുനിൽക്കുന്നതിനാൽ അഷ്മിത ചാലിഹയുടെ നേതൃത്വത്തിലുള്ള പുതുനിരയാണ് അത്ഭുതങ്ങൾ തീർക്കാമെന്ന സ്വപ്നങ്ങളുമായി ഇറങ്ങുന്നത്. ചൈന, സിംഗപ്പൂർ എന്നിവയടങ്ങിയ ഗ്രൂപ്പിലായതിനാൽ ടീം അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത വിരളം. ആൻമോൾ കർബ്, തൻവി ശർമ, ശ്രുതി മിശ്ര തുടങ്ങിയവരാണ് ടീമിലുള്ളത്.
ഇന്ത്യയുടെ മത്സരങ്ങൾ
തോമസ് കപ്പ്
ഏപ്രിൽ 27 Vs തായ്ലൻഡ്
ഏപ്രിൽ 29 Vs ഇംഗ്ലണ്ട്
മേയ് ഒന്ന് Vs ഇന്തോനേഷ്യ
ഊബർ കപ്പ്
ഏപ്രിൽ 27 Vs കാനഡ
ഏപ്രിൽ 28 Vs സിംഗപ്പൂർ
ഏപ്രിൽ 30 Vs ചൈന