ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുനൈറ്റഡിനെ വീഴ്ത്തി ആഴ്സണൽ വീണ്ടും തലപ്പത്ത്

Premier League: Arsenal secure hard-fought 1-0 win against Manchester to go top again

By :  Editor
Update: 2024-05-12 22:59 GMT

Premier League: Arsenal secure hard-fought 1-0 win against Manchester to go top again

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ആഴ്സണൽ വീണ്ടും തലപ്പത്ത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്‍റെ വിജയം.

ജയത്തോടെ ആഴ്സണൽ കിരീട പ്രതീക്ഷ വീണ്ടും നിലനിർത്തി. 37 മത്സരങ്ങളിൽനിന്ന് 86 പോയന്‍റുമായാണ് ആഴ്സണൽ ഒന്നാമതുള്ളത്. ഒരു മത്സരം കുറവ് കളിച്ച സിറ്റി 85 പോയന്‍റുമായി രണ്ടാമതും. കിരീട പോരിലെ ഉദ്വേഗം അവസാന മത്സരം വരെ നീളുമെന്ന് ഉറപ്പായി. മത്സരത്തിന്‍റെ 20ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന്‍റെ വിജയ ഗോൾ നേടിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

പന്തടക്കത്തിലും ഷോട്ടുകൾ തൊടുക്കുന്നതിലും നേരിയ മൂൻതൂക്കം യുനൈറ്റഡിനായിരുന്നു. ആതിഥേയരുടെ മുന്നേറ്റങ്ങളെല്ലാം ആഴ്സണൽ പ്രതിരോധത്തിൽ തട്ടി വിഫലമായി. കായ് ഹാവർട്സ് വലതു പാർശ്വത്തിലൂടെ ബോക്സിനുള്ളിലേക്ക് ഇരച്ചു കയറി നൽകിയ ഒരു മനോഹര ക്രോസാണ് ഗോളിലെത്തിയത്. യുനൈറ്റഡ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ നൽകിയ പന്ത് ട്രൊസാർഡ് വലക്കുള്ളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോളിനായി യുനൈറ്റഡ് ആക്രമണത്തിന് മൂർച്ചകൂട്ടിയെങ്കിലും ഫലമുണ്ടായില്ല. ആന്ദ്രേ ഒനാനയുടെ മികച്ച സേവുകളാണ് തോൽവി ഭാരം ഒരു ഗോളിലൊതുക്കിയത്. 36 മത്സരങ്ങളിൽനിന്ന് 54 പോയന്‍റുമായി യുനൈറ്റഡ് എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എവർട്ടണ്ണിനോട് സ്വന്തം മൈതാനത്താണ് ആഴ്സണലിന് ഇനിയുള്ള മത്സരം. ടോട്ടൻഹാം, വെസ്റ്റ് ഹാം ടീമുകളോടാണ് സിറ്റിയുടെ ബാക്കിയുള്ള മത്സരങ്ങൾ.

Tags:    

Similar News