ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്

Chennai Super Kings have denied the news that they have approached Stephen Fleming for the position of coach of the Indian cricket team.

By :  Editor
Update: 2024-05-15 20:30 GMT

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ചെന്നൈ കോച്ചായ ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് ഫ്ളെമിംഗും ഫ്രാഞ്ചൈസിയും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെയുടെ സിഇഒ കാശി വിശ്വനാഥന്‍.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. തുടര്‍ന്നുള്ള 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന്‍ സന്നദ്ധനാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്.

2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകര്‍ എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും അന്തിമമായി രണ്ട് പേരിലേക്കാണ് ചര്‍ച്ച നീളുന്നത് എന്നാണ് ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനൊപ്പം ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ചുമായ റിക്കി പോണ്ടിംഗും ബിസിസിഐയുടെ മുന്‍ഗണനാ പട്ടികയിലുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

Tags:    

Similar News