മുന്‍പും സുരക്ഷാ വീഴ്ചകള്‍; ഇറാന്‍ പ്രസിഡൻ്റിൻ്റെ ജീവനെടുത്തത് യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാൻ്റെയും ഒപ്പം സഞ്ചരിച്ച മറ്റ് ഏഴു പേരുടെയും ജീവനെടുത്ത അപകടത്തിലെ ഹെലികോപ്റ്ററിന് നേരത്തേ തന്നെ സുരക്ഷാ…
;ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാൻ്റെയും ഒപ്പം സഞ്ചരിച്ച മറ്റ് ഏഴു പേരുടെയും ജീവനെടുത്ത അപകടത്തിലെ ഹെലികോപ്റ്ററിന് നേരത്തേ തന്നെ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡൻ്റ് സഞ്ചരിച്ച് ബെല്‍ 212 ഹെലികോപ്റ്ററിൻ്റ സുരക്ഷാവീഴ്ചകളാണ് മുന്‍പേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുന്‍പും ഒരു ബെല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു.
കൈവശമുള്ള ഹെലികോപ്റ്ററുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും പുതിയവ വാങ്ങാനും ഇറാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകളില്‍ പലതും കാലഹരണപ്പെട്ടതാണ്. ആവശ്യത്തിനു പുതിയ കോപ്റ്ററുകള്‍ ഇല്ലാത്തിനാലാകും സുരക്ഷാപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബെല്‍ 212 തുടര്‍ന്നും ഉപയോഗിച്ചത്.
കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഡബിള്‍ എന്‍ജിന്‍ സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൻ്റെ രണ്ടാമത്തെ എന്‍ജിന്‍ പണിമുടക്കാറുണ്ടെന്നാണ് പ്രധാന പരാതി. ഇറാന്‍ പ്രസിഡൻ്റ് റെയ്‌സിയുടെ മരണത്തിനു മുന്‍പ്, 2023 സെപ്റ്റംബറില്‍ മറ്റൊരു ബെല്‍ 212 യുഎഇ തീരത്ത് തകര്‍ന്നുവീണിരുന്നു. എന്നാല്‍ ആ അപകടം ആരുടെയും ജീവന്‍ കവര്‍ന്നില്ല.
എന്നാല്‍ 2018ല്‍ ഉണ്ടായ സമാനസംഭവത്തില്‍ നാലുപേര്‍ മരിച്ചതായി ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1978 ജൂണ്‍ മൂന്നിന് അബുദാബിയില്‍ ഒരു ബെല്‍ 212 അപകടത്തില്‍ 15 പേരുടെ ജീവനാണ് നഷ്ടമായത്.
ഇന്ന് ആഗോളതലത്തില്‍ സര്‍ക്കാരുകളും സ്വകാര്യ ഓപ്പറേറ്റര്‍മാരും ഉപയോഗിച്ചുവരുന്ന ബെല്‍ 212 ഹെലികോപ്റ്റര്‍ വിയറ്റ്‌നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച്ച് – 1 എന്‍ ‘ട്വിന്‍ ഹ്യൂയി’യുടെ സിവിലിയന്‍ പതിപ്പാണ്. ഇന്ന് ബെല്‍ ടെക്സ്ട്രോണ്‍ എന്ന് പേരുള്ള ബെല്‍ ഹെലികോപ്റ്റര്‍, 1960 കളുടെ അവസാനത്തില്‍ കനേഡിയന്‍ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചതാണ്. രണ്ട് ടര്‍ബോഷിഫ്റ്റ് എന്‍ജിനുകള്‍ വന്നതോടെ കൂടുതല്‍ ഭാരം വഹിക്കാനുള്ള കഴിവ് അതിനുണ്ടായി.
1971ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബെല്‍ 212ന് അമേരിക്കയിലും കാനഡയിലും അതിവേഗം ആരാധകരുണ്ടായി. പക്ഷേ ഇന്ന് ബെല്‍ 212ന് പഴയ പ്രതാപം ഇല്ല. നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെല്ലിനെ വില്ലനാക്കി.