മോദി തുടരും, എന്‍.ഡി.എ 315 സീറ്റുവരെ നേടും, പ്രവചനവുമായി അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍
pm-modi-to-win-on-the-back-us-exper-ian-bremmer-predicts-295-315-seats-for-bjp-in-lok-sabha-polls
ഡല്‍ഹി: മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രവചനവുമായി അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഇയാന്‍ ബ്രെമ്മര്‍. ഇത്തവണ ബി.ജെ.പിക്ക് 305 സീറ്റ് കിട്ടുമെന്നും എന്‍.ഡി.എ 315 സീറ്റുവരെ നേടുമെന്നും ഇയാന്‍ ബ്രെമ്മര്‍ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകളാണ് ഏഴ് ഘട്ടങ്ങളിലായി ഇന്ത്യയില്‍ നടക്കുന്നത്. മാത്രമല്ല രാജ്യം സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. നിലവില്‍ ലോകസാമ്പത്തിക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഏകദേശം 2028 ഓടെ മൂന്നാം സ്ഥാനത്തേക്കെത്താമെന്നും ബ്രെമ്മര്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് ആസ്ഥാനമായിട്ടുള്ള പൊളിറ്റിക്കല്‍ റിസ്‌ക്ക് കണ്‍സള്‍ട്ടന്‍സിയായ യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ് ബ്രെമ്മര്‍.
2014-ല്‍ മോദി ആദ്യമായി അധികാരത്തിലെത്തുമ്പോല്‍ 282 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചിരുന്നത്, എന്‍.ഡി.എ സഖ്യത്തിന് 336 സീറ്റും ലഭിച്ചു. എന്നാല്‍ 2019 ആകുമ്പോഴേക്കും 303 സീറ്റ് ബി.ജെ.പിക്കും എന്‍.ഡി.എ സഖ്യത്തിന് 353 സീറ്റും ലഭിച്ചു. ഇത്തവണ ഹാട്രിക് പ്രതീക്ഷിക്കുന്ന എന്‍.ഡി.എയ്ക്ക് ഏറെ ആത്മവശ്വാസം നല്‍കുന്നത് കൂടിയായി പ്രശാന്ത് കിഷോറിന് പിന്നാലെ ഇയാന്‍ ബ്രെമ്മറിന്റേയും പ്രവചനം.
മോദി അപരാജതിനല്ലെങ്കിലും അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും ഇത്തവണയും എന്‍.ഡി.എ അധികാരത്തില്‍ എത്തുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോറിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരേ വികാരമോ രോഷമോ ഇല്ലെന്നും 300 സീറ്റുവരെ ബിജെപിക്ക് കിട്ടുമെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ 370 സീറ്റൊക്കെ അസാധ്യമാണെങ്കിലും സീറ്റ് നില 270 -ല്‍ താഴില്ലെന്നും പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.