യൂറോപ്പ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് അറ്റ്‌ലാന്റയുടെ മുത്തം
ഡബ്ലിന്‍ (അയര്‍ലന്‍ഡ്): യൂറോപ്പ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് അറ്റ്‌ലാന്റയുടെ മുത്തം. ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയേര്‍ ലവര്‍കൂസനെ…
ഡബ്ലിന്‍ (അയര്‍ലന്‍ഡ്): യൂറോപ്പ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് അറ്റ്‌ലാന്റയുടെ മുത്തം. ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയേര്‍ ലവര്‍കൂസനെ 3-0 ത്തിനാണ് അറ്റ്‌ലാന്റ തോല്‍പ്പിച്ചത്.
61 വര്‍ഷത്തിനു ശേഷമാണ് ഇറ്റാലിയന്‍ ക്ലബ് കിരീടം നേടുന്നത്. ആദ്യമായാണ് അറ്റ്‌ലാന്റ യൂറോപ്പിലെ പ്രധാന കിരീടങ്ങളിലൊന്നു നേടുന്നത്. എ.സി., ഇന്റര്‍ മിലാന്‍ ക്ലബുകളുടെയും യുവന്റസിന്റെയും നിഴലില്‍നിന്നു പുറത്തു വരാനായതും അറ്റ്‌ലാന്റയ്‌ക്കു നേട്ടമായി. അഡെമോല ലൂക്‌മാന്റെ ഹാട്രിക്കാണ് അറ്റ്‌ലാന്റയുടെ ജയത്തിന് അടിസ്‌ഥാനമായത്. 1975 നു ശേഷം ആദ്യമായാണ് ഒരു താരം യൂറോപ്യന്‍ ഫൈനലില്‍ ഹാട്രിക്കടിക്കുന്നത്. ചരിത്രത്തിലാദ്യമായി ബുണ്ടസ് ലിഗ കിരീടം നേടിയെത്തിയ ബയേര്‍ ലവര്‍കൂസന് തോല്‍വി കനത്ത പ്രഹരമായി. തുടര്‍ച്ചയായി 51 മത്സരങ്ങള്‍ അപരാജിതരായ ശേഷമാണു സാബി അലോന്‍സോയുടെ ശിഷ്യന്‍മാര്‍ അറ്റ്‌ലാന്റയുടെ മുന്നില്‍ മുട്ടകുത്തിയത്.
ശനിയാഴ്‌ച നടക്കുന്ന ജര്‍മന്‍ കപ്പ് ഫൈനലില്‍ കിരീടം നേടി തോല്‍വി മറക്കുകയാണു ലക്ഷ്യമെന്ന് സാബി അലോന്‍സോ മത്സരത്തിനു ശേഷം പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ പതുക്കെയായതാണു തിരിച്ചടിയായതെന്നും അലോന്‍സോ പറഞ്ഞു. 12, 26 മിനിറ്റുകളില്‍ തന്നെ ലൂക്‌മാന്‍ ഗോളുകളടിച്ചു. ലവര്‍കൂസന്‍ ഈ സീസണില്‍ തോല്‍ക്കുന്ന ആദ്യ മത്സരമാണിത്. അവസാന ഒരു വര്‍ഷമായി അവര്‍ ഒരു മത്സരം പോലും തോറ്റില്ല. 12-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന്റെ വലതു ഭാഗത്തുനിന്ന് സപകോസ്‌റ്റ നല്‍കിയ പാസിനെ ലുക്‌മന്‍ ഗോളാക്കി. 26-ാം മിനിറ്റില്‍ മൂന്ന് ലവര്‍കൂസന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്‌ത ശേഷം ലൂക്‌മന്‍ രണ്ടാം ഗോളടിച്ചു. 75-ാം മിനിറ്റിലായിരുന്നു താരം ഹാട്രിക്ക് കുറിച്ചത്.
അറ്റ്‌ലാന്റയുടെ കോച്ച് ജിയാന്‍ പിയറോ ഗാസ്‌പെരിനി 66-ാം വയസില്‍ ആദ്യ കിരീടം നേടിയെന്ന സവിശേഷതയുമുണ്ടായി. യുവന്റസിനു വേണ്ടി കളിച്ചിരുന്ന ഗാസ്‌പെരിനി 35-ാം വയസില്‍ വിരമിച്ച ശേഷമാണു കോച്ചിങ് കരിയറിലേക്കു തിരിഞ്ഞത്. യുവന്റസ് അക്കാദമിയില്‍ കോച്ചായി തുടങ്ങി. അണ്ടര്‍ 14, 17, 20 ടീമുകളിലൂടെയാണു തുടക്കം.2003 ല്‍ സീരി സി ടീം ക്ര?ട്ടോന്റെ കോച്ചായി. ക്ര?ട്ടോനെ സീരി ബിയില്‍ എത്തിച്ച അദ്ദേഹം 2006 വരെ സ്‌ഥാനത്തു തുടര്‍ന്നു. 2006 ല്‍ ജെനോവയുടെ കോച്ചായി. ഗാസ്‌പെരിനി ആദ്യ സീസണില്‍ തന്നെ ജെനോവയെ സീരി എ യിലെത്തിച്ചു. 2008-09 സീസണില്‍ ജെനോവയെ അഞ്ചാം സ്‌ഥാനത്തെത്തിച്ച അദ്ദേഹം യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു. 3-4-3 ഫോര്‍മേഷനില്‍ പ്രസിങും ആക്രമണവും ഒരു പോലെ കൊണ്ടു പോകാന്‍ ഗാസ്‌പെരിനിക്കായി. കരിയര്‍ അവസാനിച്ചെന്നു കരുതിയ ഡീഗോ മിലിറ്റോ, തിയാഗോ മോട്ടോ തുടങ്ങിയവരെ തിരിച്ചു കൊണ്ടുവന്നതും ഗാസ്‌പെരിനിയാണ്‌്. ഗാസ്‌പെരിനി 2011 ല്‍ ഇന്റര്‍ മിലാന്‍ കോച്ചായി. അദ്ദേഹം കരിയറില്‍ പരിശീലിപ്പിച്ച ഏക വലിയക്ല ബ്. മൂന്നു മാസത്തിനുള്ളില്‍ മോശം പ്രകടനം കാരണം അദ്ദേഹത്തെ പുറത്താക്കി. പാലിര്‍മോയെ ഇടയ്‌ക്കു പരിശീലിപ്പിച്ച അദ്ദേഹം മൂന്ന് കൊല്ലം ജെനോവയെ വീണ്ടും പരിശീലിപ്പിച്ചു. 2016 ലാണ് ഗാസ്‌പെരിനി അറ്റലാന്റയുടെ കോച്ചാകുന്നത്. ആദ്യ സീസണില്‍ തന്നെ അറ്റ്‌ലാന്റയെ സീരി എയില്‍ നാലാമതെത്തിച്ചു. അതോടെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റലാന്റ വീണ്ടും യൂറോപ്യന്‍ ഫുട്‌ബോളില്‍ കളിച്ചു. രണ്ടാം സീസണിലും ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടി നല്‍കുന്ന ഗാസ്‌പെരിനി ടീമിനെ കോപ്പ ഇറ്റാലിയ സെമി ഫൈനലിലും എത്തിച്ചു. 2019 ല്‍ സീരി എയില്‍ മൂന്നാമത് എത്തുന്ന അറ്റലാന്റയെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിലേക്കും ഗാസ്‌പെരിനി നയിച്ചു. മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് പിറകില്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തിയ അവര്‍ പ്രീ ക്വാര്‍ട്ടറില്‍ വലന്‍സിയയെ തോല്‍പ്പിച്ചു.