ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; യുവഡോക്ടർക്ക് ദാരുണാന്ത്യം
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കൽ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു…
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കൽ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയിലാണ് വൈദ്യുതാഘാതമേറ്റത്.ഞായറാഴ്ച രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും ശരണിതയെ കിട്ടിയിരുന്നില്ല. ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഹോസ്റ്റൽ അധികൃതർ മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.ഉടനെ തന്നെ ശരണിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോയമ്പത്തൂരിൽ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. ഇവർക്ക് 5 വയസ്സുള്ള കുട്ടിയുണ്ട്.
എംബിബിഎസ് കഴിഞ്ഞ് ശരണിത കോയമ്പത്തൂരിൽ തുടർ പഠനം നടത്തുകയായിരുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി മെയ് 1നാണ് ശരണിത ഇവിടെയെത്തിയത്. അയനാവരം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. ലാപ്ടോപ്പിന്റെ കേബിളിലെ തകരാറിനെ തുടർന്നായിരിക്കാം വൈദ്യുതാഘാതമേറ്റത് എന്നാണ് നിഗമനം. ശരണിതയുടെ കൈ പൊള്ളലേറ്റ നിലയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.