ഛേത്രിയിൽ പ്രതീക്ഷ ; ജയത്തോടെ പ്രിയ നായകന് യാത്രയയപ്പ് നൽകാൻ ആഗ്രഹിച്ച് ടീം ഇന്ത്യ
2001ൽ സിറ്റി ക്ലബ് ഡൽഹിയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ഛേത്രിയിലെ പ്രഫഷനൽ ഫുട്ബാളറെ മിനുക്കിയെടുത്തത് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ ക്ലബാണ്. 2002 മുതൽ 2005 വരെ…
2001ൽ സിറ്റി ക്ലബ് ഡൽഹിയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ഛേത്രിയിലെ പ്രഫഷനൽ ഫുട്ബാളറെ മിനുക്കിയെടുത്തത് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ ക്ലബാണ്. 2002 മുതൽ 2005 വരെ ബഗാനിലായിരുന്നു താരം. 2005ൽ ഇന്ത്യക്കായി അരങ്ങേറ്റം. തെലങ്കാനയുടെ ഭാഗമായ സെക്കന്തരാബാദിലാണ് ജനിച്ചതെങ്കിലും ഛേത്രിക്ക് വൈകാരിക ബന്ധമുള്ള നഗരമാണ് കൊൽക്കത്ത. ഈ നാട്ടുകാരിയായ സോനം ഭട്ടാചാര്യയെയാണ് താരം ജീവിതസഖിയാക്കിയതും.
ഏറ്റവും മികച്ച കാൽപന്തുകളിക്കാരിലൊരാളും ഗോൾവേട്ടക്കാരിലും അന്താരാഷ്ട്ര മത്സര പരിചയത്തിലും ഒന്നാമനുമായ സുനിൽ ഛേത്രി ഇന്ന് രാത്രി നീലക്കുപ്പായമഴിക്കും. ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ ചെറിയ സാധ്യത നിലനിൽക്കുന്ന ഇന്ത്യക്ക് കുവൈത്തിനെതിരെ ജീവന്മരണ പോരാട്ടം. ടീം കടമ്പ കടന്നാലും ഇല്ലെങ്കിലും ഒരിക്കൽക്കൂടി രാജ്യത്തിനായി ബൂട്ടുകെട്ടാൻ 40 വയസ്സിനരികിലെത്തിയ ഛേത്രിയുണ്ടാവില്ല. ജയത്തോടെ പ്രിയ നായകന് യാത്രയയപ്പ് നൽകാൻ ആഗ്രഹിക്കുകയാണ് ടീം ഇന്ത്യ.
കൊൽക്കത്തയിൽ വെച്ചുതന്നെ അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറയുകയാണ് ഛേത്രി. അവസാന മത്സരത്തിലും ക്യാപ്റ്റൻ ഛേത്രിയെ ഇന്ത്യൻ ടീം ഏറെ ആശ്രയിക്കുന്നുവെന്നത് വലിയൊരു സത്യം.
വിരമിക്കലിനെക്കുറിച്ച് കൂടുതൽ ചോദിച്ച് തന്നെ വിഷമിപ്പിക്കരുത്; വികാരാധീനനായി താരം
കൊൽക്കത്ത: ഒരിക്കൽക്കൂടി ഇന്ത്യക്കായി കളിത്തിലിറങ്ങില്ലെന്ന് സുനിൽ ഛേത്രി. ‘നമ്മളിലധികം പേരും 20 ദിവസം മുമ്പ് കണ്ടിരുന്നതായി ഞാൻ കരുതുന്നു. അന്ന് എന്റെ അവസാന ഗെയിമിനെക്കുറിച്ച് സംസാരിച്ചു. അത്രയേയുള്ളൂ- കുവൈത്തിനെതിരായ മത്സരത്തിന്റെ തലേന്ന് ഛേത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഞങ്ങൾ ഇവിടെയുള്ളത് കുവൈത്തിനെയും ഇന്ത്യയെയും കുറിച്ച് സംസാരിക്കാൻ മാത്രമാണ്. അവസാന ഗെയിമെന്ന് ചിന്തിക്കാതിരിക്കാൻ ഞാൻ കഠിനമായി ശ്രമിക്കുന്നു’- വികാരാധീനനായ ഛേത്രി വിരമിക്കലിനെക്കുറിച്ച് വീണ്ടും ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.
‘ഞാൻ വീണ്ടും അഭ്യർഥിക്കുന്നു... ഇത് എന്നെയോ എന്റെ അവസാന മത്സരത്തെയോ കുറിച്ചല്ല, ഞങ്ങളെയും കുവൈത്തിനെയും സംബന്ധിച്ചാണ്. ഉള്ളിൽ ഞാൻ ഒരു ചെറിയൊരു സംഘർഷത്തിലാണ്. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നൊക്കെ ചോദിച്ച് കൂടുതൽ വഷളാക്കരുത്’-അദ്ദേഹം തുടർന്നു. യോഗ്യത നേടിയാൽ ഇന്ത്യക്കായി മൂന്നാം റൗണ്ടിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് ‘ഇല്ല സർ’ എന്നായിരുന്നു മറുപടി.