സ്കൂളിൽ ആക്രമണം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് തകർത്തു
കാഞ്ഞങ്ങാട്: സ്കൂളിൽ ആക്രമണം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ചുതകർത്തു. സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതി റിമാൻഡ്…
;കാഞ്ഞങ്ങാട്: സ്കൂളിൽ ആക്രമണം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ചുതകർത്തു. സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. രാജപുരം എസ്.ഐ പി.കെ. സുനിൽ കുമാറിനാണ് (53) പരിക്കേറ്റത്. പൊലീസ് ഡ്രൈവർ വിനോദിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധി പുരത്തെ പ്രമോദാണ് (40) അറസ്റ്റിലായത്.
കഴിഞ്ഞദിവസം വൈകീട്ട് പ്രാന്തർകാവ് ഗവ. എൽ.പി സ്കൂളിൽ പ്രമോദ് പ്രശ്നമുണ്ടാക്കുന്നതായി സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതി അക്രമാസക്തനായി സ്കൂളിലെ ചെടിച്ചട്ടികൾ ഉൾപ്പെടെ നശിപ്പിച്ചു. പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞെങ്കിലും പ്രതി വഴങ്ങിയില്ല. സ്വന്തം കാറിൽ മാത്രമേ വരാൻ പറ്റുകയുള്ളൂവെന്ന് പ്രതി പറഞ്ഞു.
പൊലീസ് ഡ്രൈവർ പ്രതിയുടെ കാർ ഓടിച്ചുവരുന്നതിനിടെ കോളിച്ചാലിൽ എത്തിയപ്പോൾ പ്രതി വീണ്ടും കാറിനുള്ളിൽ അക്രമാസക്തനായി. പിന്നാലെ വന്ന എസ്.ഐ കാറിനടുത്തെത്തിയപ്പോഴാണ് പ്രതി എസ് ഐയുടെ മൂക്കിനിടിച്ചത്. എസ്.ഐയെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു.
നാട്ടുകാരുടെ സഹായത്തോടെ കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പ്രധാനാധ്യാപികയുടെ പരാതിയിൽ സ്കൂളിൽ ആക്രമണം നടത്തിയതിന് രാജപുരം പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ മുമ്പും നിരവധി കേസുകളുണ്ട്. പ്രതി അംഗപരിമിതനാണ്. രാത്രിതന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.