കലയുടെ കൊലപാതകം : പോലീസിന് ഊമക്കത്ത് ‌അയച്ചതാര് ?

മൂന്നു മാസം മുൻപ് പൊലീസിനു ലഭിച്ച ഊമക്കത്താണ് കലയുടെ കൊലപാതക കേസിൽ നിർണായകമായത്. കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മാന്നാർ കൊലക്കേസിൽ അറസ്റ്റിലായ…

By :  Editor
Update: 2024-07-04 00:39 GMT

മൂന്നു മാസം മുൻപ് പൊലീസിനു ലഭിച്ച ഊമക്കത്താണ് കലയുടെ കൊലപാതക കേസിൽ നിർണായകമായത്. കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

മാന്നാർ കൊലക്കേസിൽ അറസ്റ്റിലായ കെ.സി.പ്രമോദ് സ്ഫോടകവസ്തുവും പെട്രോളുമായെത്തി ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഉപദ്രവത്തെ തുടർന്നാണ് പ്രമോദിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. അവിടെ സ്ഫോടക വസ്തുക്കളുമായി എത്തിയ പ്രമോദ് വഴക്കുണ്ടാക്കി. മാർച്ച് 24ന് നടന്ന സംഭവത്തെ തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തിരുന്നു.

‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ പ്രമോദ് വെല്ലുവിളിച്ചു. ഇതിനു ശേഷമാണ് മാന്നാർ പോസ്റ്റ് ഓഫിസിൽനിന്ന് ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചത്. കലയുടെ കൊലപാതകത്തിൽ പങ്കുള്ളവരെക്കുറിച്ചുള്ള വിവരമായിരുന്നു കത്തിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു

ഊമക്കത്ത് ലഭിച്ചില്ലായിരുന്നെങ്കിൽ കലയുടെ തിരോധാധനത്തിനു പിന്നിലെ ദൂരൂഹത ഒരിക്കലും നീങ്ങില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. കലയ്ക്ക് മാന്നാർ കുട്ടമ്പേരൂർ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മിൽ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് നാട്ടിൽ പ്രചാരണമുണ്ടായതോടെ ബന്ധുക്കളും അന്വേഷണത്തിനു മുതിർന്നില്ല. ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ചു പോയെന്നു കരുതിയ കലയോട് ബന്ധുക്കൾക്കും ദേഷ്യമുണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറിൽ സഞ്ചരിച്ചതെന്നാണു പൊലീസ് പറയുന്നത്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനിൽ വിളിച്ചുവരുത്തിയതാണോ എന്നു പരിശോധിക്കുന്നു. കാറിൽ കിടക്കുന്ന കലയുടെ മൃതദേഹം ഇരമല്ലൂർ പുതുപ്പള്ളിൽ തെക്കേതിൽ കെ.വി.സുരേഷ് കുമാറിനെ അനിൽ കാണിച്ചെന്ന് എഫ്ഐആറിലുണ്ട്. സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

Tags:    

Similar News