നാളെ വൈകീട്ടു വരെ അതിതീവ്രമഴ, ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജന്‍. എല്ലാ താലൂക്ക് ഓഫീസുകള്‍ക്കും കണ്‍ട്രോള്‍ റൂമും…

By :  Editor
Update: 2024-07-16 00:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജന്‍. എല്ലാ താലൂക്ക് ഓഫീസുകള്‍ക്കും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നതെന്നും മന്ത്രി പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ റവന്യൂ വകുപ്പ് നല്ലതുപോലെ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ സുരക്ഷാസേനയെ മുഴുവന്‍ നിയോഗിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം ഒമ്പതെണ്ണം വിവിധ സ്ഥലങ്ങളിലായി എത്തിച്ചേര്‍ന്നിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്റെ അവസരങ്ങളായി ജനങ്ങള്‍ ഉപയോഗിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മഴയത്ത് ജലാശയങ്ങളില്‍ ഇറങ്ങരുത്. ആവശ്യമായ ഘട്ടത്തില്‍ മലയോരങ്ങളിലേക്കുള്ള യാത്ര നിരോധിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മഴക്കാലത്ത് പൊതുവെ കണ്ടു വരുന്ന സാഹചര്യമുണ്ട്. കുന്നും മണ്ണും മഴയില്‍ കുതിര്‍ന്നിരിക്കുകയാണ്. മഴക്കെടുതികള്‍, പ്രത്യേകിച്ചും മലയോരമേഖലയില്‍ ഉണ്ടാകുമെന്നുതന്നെയാണ് കാണുന്നത്. അതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള സജ്ജീകരണവും ആരംഭിച്ചിട്ടുണ്ട്.

ആറുലക്ഷത്തോളം ആളുകളെ എപ്പോള്‍ വേണമെങ്കിലും മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാണ്. അണക്കെട്ടുകളില്‍ റൂള്‍ കര്‍വ് അനുസരിച്ച് ജലം കൂടുമ്പോള്‍ കുറേശ്ശെ തുറന്നു വിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സ്ഥിതിയില്ല. മഴയുടെ അളവ് കൂടുതലായിരിക്കുമെന്നാണ് പ്രവചനം. നാളെ വൈകീട്ടു വരെ അതിതീവ്രമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എന്നാല്‍ പ്രളയമുണ്ടാകുമെന്ന് കരുതുന്നില്ല. രണ്ടു ദിവസത്തിനകം മഴയുടെ ശക്തി കുറയുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News