സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധി; സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം
വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ തുടർന്നാണ്…
;വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ തുടർന്നാണ് നൂറു കണക്കിനാളുകൾക്ക് സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്തിരുന്ന സൗജന്യ ഭക്ഷണം നിർത്തിയത്. തെരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കും സുരക്ഷാസേനാംഗങ്ങൾക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഭക്ഷണം എത്തിച്ചിരുന്നു.
തുടക്കം മുതൽ സൗജന്യമായി ഭക്ഷണം ഉണ്ടാക്കി നിരവധി പേർ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചിരുന്നു. എന്നാൽ പലപ്പോഴും ഇവരെ പൊലീസുകാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തടയുന്ന സ്ഥിതിയുണ്ടായി.
യൂത്ത് ലീഗിന്റെ നേതൃത്വത്തിലുളള വൈറ്റ് ഗാർഡ് നിരവധി പേർക്ക് മൂന്ന്് നേരവും ഭക്ഷണം സൗജന്യമായി നൽകിയിരുന്നു. സേവാഭാരതി ഉൾപ്പെടെയുളള സംഘടനകളുമായി ബന്ധപ്പെട്ടവരും രക്ഷാപ്രവർത്തകർക്ക് ആദ്യ ദിനങ്ങളിൽ ഭക്ഷണപൊതി തയ്യാറാക്കിയിരുന്നു. എന്നാൽ സർക്കാർ ഭക്ഷണവിതരണം വിലക്കിയത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എല്ലാവരും പിൻമാറി. പലരും വേദനയോടെ ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു.
ചൂരൽമലയിൽ ഉൾപ്പെടെ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെയാണ് പ്രദേശത്ത് മാറ്റി താമസിപ്പിച്ചത്. മേപ്പാടി ഗവ. പോളിടെക്‌നിക്കിലെ സമൂഹ അടുക്കളയിൽ നിന്ന് ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്ക് പൂർണമായി ഭക്ഷണം എത്തിക്കാമെന്ന് ആയിരുന്നു സർക്കാർ നിലപാട്. പതിനായിരം ഭക്ഷണപൊതികൾ വരെ ദിവസവും ഇവിടെ നിന്ന് നൽകാൻ കഴിയുമെന്നാണ് അവകാശപ്പെട്ടിരുന്നത്.
രാഷ്‌ട്രീയ വ്യത്യാസം നോക്കാതെയാണ് പലരും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ സർക്കാർ നിലപാട് വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കണമെന്ന നിലപാട് സ്വീകരിച്ചതെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നത് ഭക്ഷണം ആവശ്യമുണ്ട് എന്ന് പറഞ്ഞ് നാട്ടിലാകെ പണം പിരിച്ച് അതിന്റെ ഭാഗമായ ഒരു നിലപാട് സ്വീകരിച്ചാൽ ആര് ഉത്തരം പറയുമെന്നായിരുന്നു മാദ്ധ്യമങ്ങളോട് മന്ത്രിയുടെ ചോദ്യം.