സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് ഇനി ഉടന്‍ പരിഹാരം
സൗദി: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൗദിയില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമ സഹായവുമുണ്ടാകും. സെപ്റ്റംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം…
സൗദി: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൗദിയില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമ സഹായവുമുണ്ടാകും. സെപ്റ്റംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് അതിവേഗ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളും പലപ്പോഴും നീണ്ടു പോകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ പുതിയ കോടതികളില്‍ വിചാരണയാരംഭിക്കും. ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായി ഏഴ് കോടതികള്‍ സ്ഥാപിക്കും. ഇതുകൂടാതെ വിവിധ പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും തര്‍ക്കപരിഹാരത്തിനായി 27 സര്‍ക്യൂട്ട് കോടതികളും സ്ഥാപിക്കുന്നുണ്ട്. ഇതിന് പുറമെ ആറ് പുനരാലോചനാ കോടതികളുമുണ്ടാകും.
നീതിന്യായ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. നിലവില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുന്നത് കമ്മീഷനുകളാണ്. ഇതില്‍ നിന്നു മാറി പുതിയ ലേബര്‍ കോടതികള്‍ ജുഡീഷ്യറിയുടെ ഭാഗമായിരിക്കും. നിലവിലെ നിയമമനുസരിച്ച് തൊഴില്‍ കരാര്‍ ലംഘനങ്ങള്‍, വേതനത്തര്‍ക്കങ്ങള്‍, അവകാശ ലംഘനം, അപകട നഷ്ടപരിഹാരങ്ങള്‍ എന്നിവയെല്ലാം തൊഴില്‍ കോടതികളില്‍ പരിഹരിക്കേണ്ടതാണ്.
പരാതിക്കാരന് നേരിട്ടോ വക്കീല്‍ മുഖാന്തിരമോ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ മുഖാന്തരം കേസ് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കി നിയമ സഹായം നല്‍കും. ഇതേകുറിച്ച് നീതിന്യായ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും നിയമവിദഗ്ധര്‍ വിശദീകരിച്ചു.