പിഎസ് ശ്രീധരന്‍പിള്ള പുതിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ്.ശ്രീധരന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ഒഴിവ് വന്ന പദവിയിലേക്കാണ്…

By :  Editor
Update: 2018-07-30 23:24 GMT

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ്.ശ്രീധരന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ഒഴിവ് വന്ന പദവിയിലേക്കാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.

ഇത് രണ്ടാം തവണയാണ് ബി.ജെ.പി അദ്ധ്യക്ഷ പദവിയിലേക്ക് ശ്രീധരന്‍പിള്ള നിയമിതനാകുന്നത്. വി.മുരളീധരന്‍ എം.പിക്ക് ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല കൂടി നല്‍കാനും കേന്ദ്രനേതൃത്വം തീരുമാനിച്ചു.

നേരത്തെ, ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ പി.എസ്.ശ്രീധരന്‍പിള്ള സമ്മതമറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര നേതാക്കള്‍ തന്നോടു സംസാരിച്ചിരുന്നെന്നും അധ്യക്ഷനാകുന്നതിനു തനിക്കു വിയോജിപ്പില്ലെന്നു കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെുപ്പിന് മുന്‍പ് കുമ്മനം രാജശേഖരനെ തിരിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെന്ന ആര്‍എസ്എസിന്റെ ആവശ്യവും ബിജെപി അംഗീകരിച്ചു. അതേസമയം, കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.

കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി രണ്ടു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. രാജ്യസഭാ എംപി വി മുരളീധരനെ അനുകൂലിക്കുന്ന ഒരുവിഭാഗവും പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ ദേശീയ നേതൃത്വത്തിനും വിഷയം പരിഹരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

Tags:    

Similar News