‘ചാർമിള വഴങ്ങുമോ?, ഹരിഹരൻ ചോദിച്ചു; സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ പൊരിക്കും’ ; ഗുരുതരവെളിപ്പെടുത്തൽ

അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും' സിനിമാ സെറ്റില്‍ വച്ച് പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജരും പീഡിപ്പിക്കാന്‍ ശ്രമിച്ചു.'

Update: 2024-09-01 03:51 GMT

സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ചാര്‍മിള പറഞ്ഞു. തന്റെ സൂഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാകുമോ എന്ന് ചോദിച്ചത്. പരിണയം സിനിമയെടുക്കാന്‍ പോകുന്നു, വന്ന് പരിചയപ്പെടാന്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറഞ്ഞു.

ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നതാണ് വിഷ്ണുവിന്റെ തുറന്നുപറച്ചിൽ. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്.’’– വിഷ്ണു പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു




 ‘ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ട് ചാർമിളയോട് വന്ന് കാണാൻ എന്നോടാണ് പറഞ്ഞത്. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷം എന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല.’’ – വിഷ്ണു പറഞ്ഞു. 

ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല. വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു.

സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തുകയായിരുന്നു.

‘‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്. ‍ഞാൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി.’’– ചാർമിള പറഞ്ഞു.

ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.

Tags:    

Similar News