'ആക്ഷന്‍ കിംഗ്' വീണ്ടും മലയാളത്തില്‍; 'വിരുന്ന്' ട്രെയ്‍ലര്‍ എത്തി

മറ്റൊരു ചിത്രത്തിന് കൂടി അർജുൻ സർജയും കണ്ണൻ താമരക്കുളവും കൈകോർക്കുന്നു

Update: 2024-08-24 12:18 GMT

‘വിരുന്ന്’ എന്ന ചിത്രത്തിന് ശേഷം അർജുൻ സർജ തിരക്കഥ എഴുതി നിർമ്മിക്കുന്ന, ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. ആഗസ്റ്റ് 29ന് തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ആകുന്ന വിരുന്ന് എന്ന സിനിമയുടെ പ്രൊമോഷൻ പ്രോഗ്രാമിനിടയിൽ പ്രസ്സ് മീറ്റിലും ഇന്റർവ്യൂവിലും അർജുൻ സർജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ആക്ഷൻ-പാക്ക്ഡ് ട്രെയ്‌ലറും പിന്നാലെ പുറത്തുവന്നിരുന്നു.

താൻ നിർമ്മിച്ച പതിനഞ്ച് സിനിമകളും താൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തതെന്നും ആദ്യമായാണ് ഞാൻ മറ്റൊരു സംവിധായകനെ തിരഞ്ഞെടുക്കുന്നത് എന്നും അർജുൻ പറഞ്ഞു. കണ്ണൻ അത്ര മികച്ച ഒരു ടെക്നിഷൻ ആയതിനാൽ ആണ് കണ്ണനെ തിരഞ്ഞെടുത്തത്. ശ്രീറാം ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കണ്ണന് വേണ്ടി ഒരു തിരക്കഥ പൂർത്തിയാക്കി അതിന്റെ ഷൂട്ടിംഗ് സ്റ്റേജിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്നതിൽ സന്തോഷം ഉണ്ടെന്നും, ആദ്യം തീരുമാനിച്ച തിരക്കഥ മാറ്റി വലിയ ബഡ്ജറ്റിലാണ് പുതിയ പ്രോജക്ട് പ്ലാൻ ചെയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

250 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കിയ മാർട്ടിൻ എന്ന സിനിമയുടെ തിരക്കഥ അർജുൻ സർജയുടെതാണ്. കന്നട സിനിമയിലെ സൂപ്പർ താരമായ ധ്രുവ സർജ ആണ് ചിത്രത്തിൽ നായകൻ. മാർട്ടിന്റെ കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലറിനു വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് 70 മില്യണിലധികം പേരാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. അർജുൻ സർജയുടെ സഹോദരീ പുത്രനാണ് ധ്രുവ സർജ. അർജുൻ തെലുങ്കിൽ മകൾ ഐശ്വര്യ അർജുനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ഇപ്പോൾ. പടം ഏകദേശം പൂർത്തിയായി എന്നും ഇനി രണ്ട് ആക്ഷൻ സീനുകൾ കൂടി മാത്രമേ പൂർത്തിയാകാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Similar News