വരുണ്‍ ധവാന്റെ ‘ബേബി ജോണി’നെ വേണ്ട; ഹിന്ദിയിൽ ഉണ്ണി മുകുന്ദന്റെ ‘മാർക്കോ തരംഗം
മിക്ക തീയറ്ററുകളിലും ബേബി ജോണിന്റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി മാർക്കോയുടെ എണ്ണം വർധിപ്പിച്ചു;
സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമാണ് വരുണ്‍ ധവാനെ നായകനാക്കി സംവിധായകന്‍ കാലീസ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ബേബി ജോൺ. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ കാലിടറുന്നു കാഴ്ചയാണ് കാണുന്നത്. ഇതുവരെ ചിത്രം നേടിയ ആഗോള കലക്‌ഷൻ വെറും 19 കോടി മാത്രമാണ്.
ആദ്യ ദിനം 11.25 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാല്‍ രണ്ടാം ദിവസം ഇത് 5.13 കോടിയായി കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം ദിനം അത് 3.65 കോടിയായി വീണ്ടും കുറഞ്ഞു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ കനത്ത നഷ്ടമാകും നിർമാതാക്കൾക്ക് ഉണ്ടാകാൻ പോകുന്നത്. 180 കോടി മുതല്‍മുടക്കിൽ നിർമ്മിച്ച ചിത്രം അറ്റ്‌ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് . കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
എന്നാൽ ബേബി ജോണിന് കാലിടറിയതോടെ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയുടെ ഹിന്ദി പതിപ്പ് കൂടുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചിരിക്കുകയാണ് . മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകളിൽ എല്ലാം ഇപ്പോൾ ഉണ്ണി മുകുന്ദൻ ഷോ ആണ്. മിക്ക തീയറ്ററുകളിലും ബേബി ജോണിന്റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി മാർക്കോയുടെ എണ്ണം വർധിപ്പിച്ചു. കൂടുതൽ സീറ്റുകളുള്ള തിയേറ്റർ ഹാളുകൾ മാർക്കോയ്ക്ക് വിട്ടു നൽകിയിരിക്കുകയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിന്റെ കളക്ഷനിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്നാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഇതുവരെ മാർക്കോ 20 കോടിയിൽ അധികം രൂപ കലക്‌ട് ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.