ജില്ല വിടരുത്, മാധ്യമങ്ങളെ കാണരുത്...; പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം
എറണാകുളം വിട്ട് പോകരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം രണ്ട് ആൾ ജാമ്യം വേണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചു. കടുത്ത വ്യവസ്ഥകളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം വിട്ട് പോകരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം രണ്ട് ആൾ ജാമ്യം വേണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.
ജാമ്യ വ്യവസ്ഥയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം എന്നത് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ അത് തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയുടെ ഉത്തരവ് ഇന്നലെ (സെപ്‌റ്റംബർ 19) വിചാരണ കോടതിയിൽ സമർപ്പിച്ചു.
അതേസമയം പൾസർ സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യവ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടിയിൽ വാദിച്ചിരുന്നു. പ്രതിയുടെ ജാമ്യം അതിജീവിതയുടെ ജീവന് ഭീഷണി ആകരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഒരു തരത്തിലും അവരുടെ ജീവിതത്തിലേക്ക് കടന്നു കയറരുതെന്നും കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ അതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ വിചാരണ നീണ്ട് പോകുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്‌തരിച്ചതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ അടുത്തൊന്നും വിചാരണ തീരാൻ സാധ്യതയില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.