ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടം സിനിമ കാണാൻ പോകുമ്പോൾ; ദുരന്തത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം
ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് എന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം;
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകൾ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറിൽ ചങ്ങനാശ്ശേരി റോഡിൽനിന്ന് ഹൈവേയിൽക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കിൽ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സമീപവാസികൾ സംശയിക്കുന്നത്.
ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് എന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ് മോർട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.