ചെസ് ഒളിമ്പ്യാഡിൽ ഇരട്ടസ്വർണം, ഗുകേഷ് ലോക ചാമ്പ്യൻ; ചെസിൽ ഇന്ത്യയ്ക്കിത് സുവര്‍ണ വർഷം

Update: 2024-12-12 17:19 GMT

ചെസില്‍ ഇന്ത്യയ്ക്കിത് സുവര്‍ണവര്‍ഷം. ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി.ഗുകേഷിന്റെ കിരീടനേട്ടവും ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി


മാസങ്ങള്‍ക്ക് മുമ്പ് ബുദാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍വിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വര്‍ണം നേടിയാണ് ഇന്ത്യ ചരിത്രംകുറിച്ചത്. ഡി. ഗുകേഷ്, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി, ആര്‍. പ്രഗ്നാനന്ദ, പി.ഹരികൃഷ്ണ എന്നിവരാണ് ഓപ്പണ്‍വിഭാഗത്തില്‍ അന്ന് ഇന്ത്യയ്ക്കായി അണിനിരന്നത്. താനിയ സച്ച്‌ദേവ്, വന്തികാ അഗര്‍വാള്‍, ആര്‍. വൈശാലി, ദിവ്യ ദേശ്മുഖ്, ഡി. ഹരിക എന്നിവരായിരുന്നു ഇന്ത്യന്‍ വനിതാ ടീമംഗങ്ങള്‍.

ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍വിഭാഗത്തില്‍ ഡി.ഗുകേഷും അര്‍ജുന്‍ എരിഗാസിയും വ്യക്തിഗത സ്വര്‍ണവും നേടിയിരുന്നു. കഴിഞ്ഞവര്‍ഷവും വ്യക്തിഗത സ്വര്‍ണം നേടിയ ഗുകേഷ് ഇത്തവണയും സ്വര്‍ണനേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയായിരുന്നു ഗുകേഷിന്റെയും എരിഗാസിയുടെയും സുവര്‍ണനേട്ടം. ചെസ് ഒളിമ്പ്യാഡിലെ വനിതാ വിഭാഗത്തില്‍ ദിവ്യ ദേശ്മുഖും വന്തികാ അഗര്‍വാളുമാണ് വ്യക്തിഗത സ്വര്‍ണം നേടിയത്. പരാജയമറിയാതെയായിരുന്നു ഇരുവരുടെയും നേട്ടം.

ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ 2014, 2022 വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാംസ്ഥാനം നേടിയിരുന്നു. 2020-ല്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി നടന്ന ചെസ് ഒളിമ്പ്യാഡില്‍ റഷ്യയ്‌ക്കൊപ്പം ഇന്ത്യ സംയുക്തജേതാക്കളായി. എന്നാല്‍, ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 2021-ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്ക് വെങ്കലം കിട്ടി. ഒടുവില്‍ 2024-ലാണ് ഇരട്ടസ്വര്‍ണവുമായി ഒളിമ്പ്യാഡില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. ഇതിനൊപ്പമാണ് ഇരട്ടിമധുരവുമായി ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടവും.

Tags:    

Similar News