സിപിഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്
ആലപ്പുഴ: സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി.ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്. ഭാര്യയുടെ പരാതിയിലാണ് കായംകുളം കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ പ്രസന്നകുമാരി രണ്ടാംപ്രതിയാണ്. 10 ലക്ഷം സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചെന്നുമാണ് പരാതി. മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ ഭാരവാഹിയാണ് ബിപിന്റെ ഭാര്യ
നേരത്തെ ബിപിന്‍ സി. ബാബുവിന്റെ ബി.ജെ.പി പ്രവേശം സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. 'പോയിത്തന്നതിന് നന്ദി' എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കേക്ക് മുറിച്ചതിന് പുറമെ കരീലക്കുളങ്ങര, പത്തിയൂര്‍ മേഖലയിലെ സിപിഎം പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തി. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിനെ നേരത്തെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു
സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു നവംബര്‍ 30 നാണ് ബിജെപിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാര്‍ട്ടി വിടുന്നത്. 2021-23 കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിന്‍. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
നേരത്തേ കരീലക്കുളങ്ങരയില്‍ സത്യന്‍ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ല്‍ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിപിന്‍ സി. ബാബു ആരോപണമുന്നയിച്ചിരുന്നു. കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നും ബിപിന്‍ പറഞ്ഞിരുന്നു. അതിനിടെ പാര്‍ട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ ബിപിന്‍ സി. ബാബുവിനെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബറില്‍ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ബിപിന്‍ ബാബുവിനോട് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ മാര്‍ച്ച് 26-ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് കത്തുമെഴുതി.
തനിക്കെതിരായ ആരോപണങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ പാര്‍ട്ടി സെക്രട്ടറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാനാണെന്ന് ബിപിന്‍ ബാബു ആരോപിച്ചിരുന്നു. എം.എസ്.എം. കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോപണം നേരിട്ടയാളാണ് കെ.എച്ച്. ബാബുജാന്‍. പിന്നാലെ പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി പാര്‍ട്ടി വിട്ടിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് അവര്‍ ആരോപിച്ചത്.