പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാര്‍
കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കോടതയില്‍ എത്തിയിരുന്നു. സിപിഎം നേതാക്കള്‍ ഉള്‍പ്പടെ കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.
കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.