പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ അപകടം;ചികിത്സയിലുള്ള കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയെന്ന് പിതാവ്

അപകടം നടന്ന് 20 ദിവസങ്ങള്‍ക്ക് ശേഷം കുട്ടി പ്രതികരിച്ചെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു

Update: 2024-12-25 07:44 GMT

ഹൈദരാബാദ്; പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പിതാവ്. അപകടം നടന്ന് 20 ദിവസങ്ങള്‍ക്ക് ശേഷം കുട്ടി പ്രതികരിച്ചെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായമില്ലാതെയാണ് കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടുത്തിടെ പുഷ്പ 2 സിനിമയുടെ നിർമാതാവ് നവീൻ യെർനേനി ആശുപത്രിയിലെത്തി കുടുംബത്തിന് ധനസഹായം കൈമാറിയിരുന്നു. 50 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമവും നടന്നിരുന്നു. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരാണ് അറസ്റ്റിലായത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി നേരത്തേ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.

Tags:    

Similar News