സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; മൂന്നിടങ്ങളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ഈ ജില്ലകളിൽ 115. 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മന്നാർ ഉൾക്കടലിലും ശ്രീലങ്കയ്‌ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.