'പണം ചാക്കിലെത്തിച്ചു'; കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി BJP മുൻ ഓഫീസ് സെക്രട്ടറി

തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു;

Update: 2024-10-31 11:50 GMT


Full View

തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. നേതൃത്വത്തെ ഏറെ വിവാദത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ്. അത് പാര്‍ട്ടി പണം തന്നെയായിരുന്നുവെന്നും തൃശ്ശൂരിലെ ഓഫീസില്‍ പണമെത്തിച്ചിരുന്നുവെന്നും സതീശ് പറഞ്ഞു.

ചാക്കിലാണ് പണമെത്തിത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായതെന്നും സതീശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു.

പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നും സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമവുകയാണ്.

2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. 23 പേരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്.

സംഭവത്തില്‍ കേസെടുത്ത കേരള പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഏറ്റെടുക്കണമെന്ന പോലീസിന്റെ ആവശ്യത്തോട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രതികരിച്ചതുമില്ല. രണ്ടുവര്‍ഷത്തോളം അന്വേഷിച്ചിട്ടും ഒളിപ്പിച്ച പണം കണ്ടെത്താനാകാത്തതിനാലായിരുന്നു അന്വേഷണം ഇ.ഡി. ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ആവശ്യപ്പെടാതെതന്നെ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്ന ഇ.ഡി. കൊടകര കുഴല്‍പ്പണക്കേസിനോട് മുഖംതിരിച്ചു നിന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിളിച്ചുവരുത്തി തെളിവെടുത്ത കേസ്, അപ്രസക്തമാക്കിയതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാംഘട്ടത്തില്‍ ദുര്‍ബലമാകുകയായിരുന്നു. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ച് രണ്ടാംഘട്ട അന്വേഷണത്തില്‍ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണിത്.

Tags:    

Similar News