ശബരിമലയിൽ വൻ തിരക്ക്; പതിനെട്ടാം പടി കയറാനായി തീർഥാടകരുടെ വലിയ നിര

Update: 2024-11-21 18:00 GMT

പ്രതീകാത്മക ചിത്രം

അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. വൈകിട്ട് 3ന് നട തുറന്നപ്പോൾ മുതൽ തീർഥാടകരുടെ തിരക്കാണ്. സന്നിധാനം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ പതിനെട്ടാംപടി കയറാനായി കാത്തു നിൽക്കുകയാണ്. മണ്ഡലകാല തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള വലിയ തിരക്കാണ് രാത്രി അനുഭവപ്പെട്ടത്.



വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 64,722 പേർ ദർശനം നടത്തി. അതിൽ 8028 പേർ സ്പോട് ബുക്കിങ് എടുത്തവരാണ്. അതേസമയം, വ്യാഴാഴ്ച പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് നട അടയ്ക്കും വരെ വലിയ തിരക്കില്ലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ഇന്നലെ വന്നവരിൽ നല്ലൊരു ഭാഗവും.

പമ്പ സന്നിധാനം പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉച്ചയ്ക്കു ശേഷം വനപാലകർ മുറിച്ചു മാറ്റി. ഇതുകാരണം തീർഥാടകരെ കുറെ സമയം തടഞ്ഞു നിർത്തി. ഉച്ചയ്ക്കു ശേഷം നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകളിലും തിരക്ക് അനുഭവപ്പെട്ടു.

പുല്ലുമേട് വഴി ശബരിമല ദർശനത്തിന് എത്തി വനത്തിനുള്ളിൽ കുടുങ്ങിയ 3 തീർത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിൽ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് വനം വകുപ്പ്, എൻഡിആർഎഫ്, പോലീസ് എന്നിവരുടെ സംയുക്ത സേന രക്ഷിച്ചത്.


Tags:    

Similar News