ബീച്ചിലെ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റാന്‍ തീരുമാനം

ബീച്ചിലെ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റാന്‍ തീരുമാനം

April 24, 2018 0 By Editor

കോഴിക്കോട്: പ്രദേശവാസികള്‍ക്ക് സ്ഥിരം തലവേദനയായ സൗച്ച് ബീച്ച് റോഡിലെ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാന്‍ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം.

പുതിയങ്ങാടിക്കടുത്ത് കോയറോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള മൂന്നേക്കര്‍ ഭൂമിയും, മീഞ്ചന്തയില്‍ ബസ് സ്റ്റാന്‍ഡിനു വേണ്ടി നീക്കിവച്ച നഗരസഭയുടെ രണ്ടേക്കറോളം ഭൂമിയും പ്രയോജനപ്പെടുത്തി ലോറി സ്റ്റാന്‍ഡാക്കാനാണ് തീരുമാനം.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇന്നലെ സ്ഥലപരിശോധന നടത്തി. അടുത്തു ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് എത്രയും വേഗം ലോറി സ്റ്റാന്‍ഡ് മാറ്റാനാണ് തീരുമാനം.

ബീച്ച് മേഖലയിലെ താമസക്കാര്‍ക്കും ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ലോറിസ്റ്റാന്‍ഡിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് മേയറുടെ ചേംബറില്‍ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേര്‍ന്നത്. നോപാര്‍ക്കിംഗ് മേഖലയില്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതു മാധ്യമങ്ങള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലാ കളക്ടര്‍ യു.വി.ജോസും സംഘവും ഇന്നലെ ഉച്ചയോടെ സൗത്ത് ബീച്ചിലെത്തി ലോറിസ്റ്റാന്‍ഡ് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നേരില്‍കണ്ടു. തുടര്‍ന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയംഗങ്ങള്‍ കോയറോഡിലും മീഞ്ചന്തയിലും സ്ഥല പരിശോധന നടത്തി. എന്‍.പി.സി.അബൂബക്കര്‍ എന്നയാളുടെ കൈവശത്തിലുള്ളതാണ് കോയാറോഡിലെ ഭൂമി. ഇത് സ്റ്റാന്‍ഡിനു വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെ ഇവിടെ സ്റ്റാന്‍ഡ് നിര്‍മിച്ച് ഫീസ് ഈടാക്കും. മീഞ്ചന്തയില്‍ നഗരസഭയുടെ കൈവശമുള്ള ഭൂമി താത്കാലികമായാണ് വിട്ടുനല്‍കുക. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതുവരെ തെക്ക് നിന്നും വരുന്ന ലോറികള്‍ക്ക് ഇവിടെ പാര്‍ക്കിംഗ് അനുവദിക്കും.

ആര്‍ടിഒ സി.ജെ.പോള്‍സണ്‍, മേഖലാ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്, ട്രാഫിക് (നോര്‍ത്ത്) അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.രാജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.