
കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തളളി കോണ്‍ഗ്രസ്
September 3, 2018കര്‍ണാടക: 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ഫലം അറിവായ 1412 സീറ്റുകളില്‍ 560 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 499 സീറ്റു നേടിയപ്പോള്‍, കോണ്‍ഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദള്‍ (എസ്) 178 സീറ്റു നേടി മൂന്നാമതുണ്ട്. 150 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി. വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മല്‍സരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളില്‍ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത. നഗരപ്രദേശങ്ങള്‍ പൊതുവെ ബിജെപി ശക്തികേന്ദ്രങ്ങളായതിനാല്‍, പകുതി സീറ്റു പിടിച്ചാല്‍പോലും അതു നേട്ടമാണെന്നാണ് കോണ്‍ഗ്രസ് – ജെഡിഎസ് വിലയിരുത്തല്‍.
സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോര്‍പറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണു നടന്നത്. ആകെ 8340 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.