
12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാത്ത വ്യാപാരികള്‍ക്ക് പണികിട്ടും
April 26, 2018തിരുവനന്തപുരം: കുപ്പിവെള്ളം വില കുറച്ചു വില്‍ക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളം ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും, ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷന്‍ നിശ്ചയിച്ച് 12 രൂപയ്ക്ക് വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എട്ടു രൂപയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി 12 രൂപയ്ക്ക് വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല.
12 രൂപ പ്രിന്റ് ചെയ്ത കുപ്പിവെള്ളം വ്യാപാരികള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വില്‍പനയ്ക്കായി എടുക്കാത്തതാണ് നിലവിലുള്ള പ്രശ്‌നം. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാനാണ് അവശ്യ വസ്തുക്കളുടെ പട്ടികയില്‍ കുപ്പിവെള്ളത്തെക്കൂടി കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നത്.