ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ക്രിസ് ലിന്നാണ് കൊല്‍ക്കത്തയുടെ വിജയശില്‍പി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളില്‍ പതറിയ റോയല്‍ ചലഞ്ചേഴ്‌സിനെ അര്‍ദ്ധ സെഞ്ചുറി നേടിയ കോലിയാണ്(68) മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ ഡി കോക്കും മക്കുല്ലവും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കം നല്‍കി.
ഡി കോക്ക് 29 റണ്‍സെടുത്തും മക്കുല്ലം 38 റണ്‍സുമെടുത്ത് പുറത്തായി. മക്കുല്ലത്തെയും വോറയെയും(0) മടക്കി റസല്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അവസാന ഓവറുകളില്‍ കോലിയും മന്‍ദീപും തകര്‍ത്തടിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് മികച്ച സ്‌കോറിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ആന്ദ്ര റസല്‍ മൂന്നും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ലിന്നിനെ കൈവിട്ട അശ്വിനും ബാഗ്ലൂരും കനത്ത വില നല്‍കേണ്ടിവന്നു. ലിന്‍ നരെയ്ന്‍ സഖ്യം അനായാസം നൈറ്റ് റൈഡേഴ്‌സിനെ 50 കടത്തി. എട്ടാം ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ നില്‍ക്കേ 27 റണ്‍സുമായി നരെയ്ന്‍ പുറത്തായത് കൊല്‍ക്കത്തയ്ക്ക് വലിയ ഭീഷണിയായില്ല. മൂന്നാമനായെത്തിയ റോബിന്‍ ഉത്തപ്പ സ്വതസിദ്ധമായ ശൈലിയില്‍ സ്‌കോറുയര്‍ത്തി.
ക്രിസ് ലിന്നാവട്ടെ കരുതലോടെയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരെ നേരിട്ടത്. ഇരുവരും ചേര്‍ന്ന് 12ാം ഓവറില്‍ കൊല്‍ക്കത്തയെ 100 കടത്തി. തൊട്ടടുത്ത ഓവറില്‍ സിക്‌സറിനുള്ള ഉത്തപ്പയുടെ(36) ശ്രമം ബൗണ്ടറിലൈനില്‍ സൗത്തിയുടെ കൈകളില്‍ അവസാനിച്ചു. എന്നാല്‍ നിതീഷ് റാണയെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ചുറിയുമായി ക്രിസ് ലിന്‍ കൊല്‍ക്കത്തയെ വീണ്ടും മുന്നോട്ടുനയിച്ചു.
സിറാജ് എറിഞ്ഞ 17ാം ഓവറില്‍ പരിക്കേറ്റ് റാണ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്കാരന്‍ ആന്ദ്രേ റസല്‍ ഗോള്‍ഡണ്‍ ഡക്കായതോടെ കൊല്‍ക്കത്തയ്ക്ക് ഇരട്ട പ്രഹരമായി. ഇതോടെ അവസാന മൂന്ന് ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ 29 റണ്‍സ് വേണമെന്നായി. 19ാം ഓവറില്‍ കാര്‍ത്തിക്ക്(10 പന്തില്‍ 23) കോലിയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. എന്നാല്‍ പുറത്താകാതെ 52 പന്തില്‍ 62 റണ്‍സെടുത്ത ലിന്‍ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.