ഫെഡറല്‍ ബാങ്കിന്‍റെ അറ്റാദായം 41.54 ശതമാനം വര്‍ധനവോടെ 1244 കോടി രൂപയിലെത്തി

കൊച്ചി:  ഈ വര്‍ഷം മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ 1243.89 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനം വര്‍ധനവാണിത്. മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 163.13 ശതമാനം വര്‍ധനവോടെ 381.51 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20.61 ശതമാനം വര്‍ധനവോടെ 2763.10 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണു നേടിയിട്ടുള്ളത്. ബാങ്കിന്‍റെ ആകെ ബിസിനസ് 20.28 ശതമാനം വര്‍ധനവോടെ 2,46,783.61 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ നിക്ഷേപങ്ങള്‍ 20.50 ശതമാനം വര്‍ധനവോടെ 1,34,954.34 കോടി രൂപയിലും എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ 17.66 ശതമാനം വര്‍ധനവോടെ 50,109.16 കോടി രൂപയിലുമാണ് എത്തിയിട്ടുള്ളതെന്ന് ബാങ്കിന്‍റെ ഓഡിറ്റു ചെയ്ത സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്‍റെ ആകെ വായ്പകള്‍ 20.02 ശതമാനം വര്‍ധനവോടെ 1,11,829.27 കോടി രൂപയിലെത്തി. വാഹന വായ്പകളില്‍ 62.04 ശതമാനവും വ്യക്തിഗത വായ്പകളില്‍ 143.08 ശതമാനവും ഭവന വായ്പകളില്‍ 32.16 ശതമാനവും വര്‍ധനവാണു കൈവരിച്ചിട്ടുള്ളത്. ആകെ നിഷ്ക്രിയ ആസ്തികള്‍ 2.92 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.48 ശതമാനവും എന്ന മെച്ചപ്പെട്ട നിലയിലാണ്.
വായ്കളുടേയും നിക്ഷേപങ്ങളുടെയും മേഖലകളില്‍ ശക്തമായ മുന്നേറ്റത്തോടെ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ ബാങ്കിനു കഴിഞ്ഞതായി  ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.  വായ്പകളുടെ നിലവാരത്തിന്‍റെ മേഖലകളിലെ മികച്ച പ്രകടനവും അച്ചടക്കത്തോടു കൂടിയ റിക്കവറി പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ത്രൈമാസത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ബാങ്കിനെ സഹായിച്ചു. തികച്ചും ആവേശകരമായ പ്രവര്‍ത്തന ഫലമാണ് ബാങ്ക് കൈവരിച്ചിട്ടുള്ളതെന്നും  അദ്ദേഹം പറഞ്ഞു. 
ബേസല്‍  3 മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മൂലധന പര്യാപ്തതാ നിരക്ക്  മാര്‍ച്ച് 31 ന് 14.14 ശതമാനമാണ്. ഡിജിറ്റല്‍ ബാങ്കിങ് രംഗത്തും മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ച വെച്ചിട്ടുള്ളത്. ഡിജിറ്റല്‍ ഉപഭോക്താക്കളുടെ കാര്യത്തില്‍ 25.47 ശതമാനവും ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ 43 ശതമാനവും വളര്‍ച്ചയാണ് നേടാനായിട്ടുള്ളത്.പുതിയ ട്രാന്‍സാക്ഷന്‍ ബാങ്കിങ് സംവിധാനമായ ഫെഡ് ഇ ബിസ്സ് മുഖേന 1400 കോടി രൂപയുടെ ഇടപാടുകളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഉപഭോക്താക്കള്‍ നടത്തിയത്   . ഭാരത് ക്യൂ. ആര്‍. സംവിധാനത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ഉപഭോക്താക്കളായി.  ബാങ്ക് ഓഹരി ഉടമകള്‍ക്ക് രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.40 രൂപ വീതം ലാഭവിഹിതം നല്‍കാനും ഡറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *