ശബരിമല യുവതീപവേശന വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ശബരിമല യുവതീപവേശന വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

September 28, 2019 0 By Editor

ശബരിമല: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28ന് ഉണ്ടായ ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. 9000 ക്രിമിനല്‍ കേസുകള്‍ പൊലീസ് ചാര്‍ജ് ചെയ്തു. ഇതില്‍ 27,000 ആളുകളാണ് പ്രതിചേര്‍ക്കപ്പെട്ടത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ 2016ലാണ് ആദ്യം കേസ് വന്നത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച്‌ പുതിയ സത്യവാങ്മൂലം നല്‍കി കോടതിയില്‍ വാദിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

യുവതീപ്രവേശം അനുവദിച്ച്‌ വിധി വന്നപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. പൊലീസിനെ ഉപയോഗിച്ച്‌ സമരം നേരിടാന്‍ സര്‍ക്കാരും വിധി നടപ്പാക്കുന്നത് തടയാന്‍ ആചാര സംരക്ഷണ പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതോടെ കേരളം പ്രക്ഷോഭ ഭൂമിയായി മാറി.ഒടുവില്‍ മഫ്തി പൊലീസിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഏതാനും യുവതികളെ സന്നിധാനത്തെത്തിച്ചത്.