ഇഷാനിന്റെ നിഴലായി ഇനിയെന്നും സൂര്യയുണ്ടാകും:ആയിരങ്ങള്‍ സാക്ഷിയായി ലോകത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും ഇഷാനും വിവാഹിതരായി. ഇന്ത്യയിലെതന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളില്‍ നടന്നത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരുടെയും വിവാഹം.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍ സീമ, കൗണ്‍സിലര്‍ ഐ.പി ബിനു, മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളായ ട്രാന്‍സ്‌ജെന്‍ഡേഴസുമടക്കം നൂറുകണക്കിന് പേരും ചടങ്ങിനെത്തി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇവരുടെ വിവാഹത്തിന് ചില പ്രത്യേകതകളുണ്ട്. ആണില്‍നിന്ന് പെണ്ണിലേക്ക് പരിവര്‍ത്തനം നടത്തിയയാളാണ് സൂര്യ. പെണ്ണില്‍നിന്ന് ആണിലേക്ക് പരിവര്‍ത്തനം നടത്തിയ ആളാണ് ഇഷാന്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇരുവരും ആറുമാസം മുമ്പാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ബിസിനസുകാരനായ ഇഷാന്‍ മൂന്നുവര്‍ഷം മുമ്പാണ് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്ത് ജ്യൂസ് കട തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇഷാന്‍.

സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. കോമഡി സ്റ്റാര്‍സ് അടക്കം നിരവധി ചാനല്‍ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് സൂര്യ. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്നലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുവര്‍ഷം മുമ്പുവരെ സൂര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷത്തോളം അയാളോടൊപ്പം ജീവിച്ചു. തന്നെ സ്ത്രീയായി അംഗീകരിക്കാന്‍ അയാള്‍ക്കും കുടുംബത്തിനും ബുദ്ധിമുട്ടായതിനാല്‍ പിരിയുകയായിരുന്നു.

31കാരിയായ സൂര്യ സംസ്ഥാന സാക്ഷരതമിന്റെ കീഴില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അവിടെത്തന്നെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് 33കാരനായ ഇഷാന്‍. രഞ്ജു രജ്ഞികുമാറാണ് സൂര്യയുടെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുള്ളത്. ട്രാന്‍സ്‌ജെന്‍ഡന്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. തങ്ങളുടെ വിവാഹത്തോടെ ട്രാന്‍സ്െജന്‍ഡേഴ്‌സിനും കുടുംബമായി ജീവിക്കാന്‍ കഴിയുമെന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *