ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം

April 2, 2018 0 By Editor

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം. മാര്‍ച്ച്‌ ഒന്നു മുതല്‍ 31 വരെ ലഭിച്ച പാല്‍ ലിറ്ററിന്‌ രണ്ടു രൂപ അധികം നല്‍കാന്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച്‌ ഇക്കാലയളവില്‍ സംഭരിച്ച 175.5 ലക്ഷം ലിറ്ററിന്‌ 3.51 കോടി രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക്‌ അധികമായി ലഭിക്കും. ഇതിനായുള്ള മുഴുവന്‍ തുകയും ക്ഷീരസംഘങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ 21 മുതല്‍ 31 വരെയുള്ള പാല്‍ വിലയോടൊപ്പം മുന്‍കൂറായി നല്‍കി. സംഘങ്ങള്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക്‌ നല്‍കി രേഖ ഹാജരാക്കുന്ന സമയത്ത്‌ അഡ്വാന്‍സ്‌ ക്രമീകരിക്കും. സംഘങ്ങള്‍ പ്രാദേശിക വില്‍പ്പന നടത്തിയുണ്ടാക്കിയ ലാഭത്തില്‍ നിന്നുള്ള വിഹിതം കൂടി ഇതോടൊപ്പം ചേര്‍ത്തു നല്‍കാവുന്നതാണ്‌. ഇതു കൂടാതെ സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ മാര്‍ച്ചിലെ പാലളവ്‌ കണക്കാക്കി ലിറ്ററിന്‌ 50 പൈസ വീതം അധികമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.
മലബാര്‍ മേഖലാ യൂണിയനില്‍ പാലളക്കുന്ന സംഘങ്ങള്‍ക്ക്‌ സ്വന്തം ഉപയോഗത്തിന്‌ 87.50 ലക്ഷം രൂപ ലഭിക്കും. അധിക വിലയടക്കം സാമ്പത്തിക വര്‍ഷം മൊത്തം 7.28 കോടി രൂപ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും ക്ഷീരകര്‍ഷകര്‍ക്കു കൈമാറാന്‍ സാധിച്ചുവെന്നു മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍, മാനേജിങ്‌ ഡയറക്‌ടര്‍ വി.എന്‍. കേശവന്‍ എന്നിവര്‍ അറിയിച്ചു.