
നടന്‍ കൃഷ്ണപ്രസാദിനും കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്കും ബി ആന്റ് എസ് ആര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരം
October 25, 2019ശില്‍പ-ചിത്ര-ചലച്ചിത്ര മേഖലകളിലെ പ്രതിഭകള്‍ക്കായി ചങ്ങനാശ്ശേരി ബി ആന്റ് എസ് ശില്‍പ-ചിത്ര സ്റ്റുഡിയോ കം കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ബി ആന്റ് എസ് ആര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരം ചലച്ചിത്ര താരവും കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡംഗവുമായ കൃഷ്ണപ്രസാദ്, ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജി എന്നിവര്‍ക്ക് ലഭിച്ചു.
അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റാങ്കര്‍ ഡോട് കോം ലിസ്റ്റിന്റെ 2019-ലെ ടോപ് 10 സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്‍ഡ്യന്‍ അതിവേഗ ചിത്രകാരന്‍ കൂടിയാണ് പന്തളം സ്വദേശിയായ ജിതേഷ്ജി. 25,000 രൂപയും ശില്‍പി ബിജോയ് ശങ്കര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. 2019 ഒക്‌റ്റോബര്‍ 27 ഞായറാഴ്ച രാവിലെ 10-ന് ചങ്ങനാശ്ശേരി പുഴവാതിലുള്ള ബി ആന്റ് എസ് ആര്‍ട്ട് സ്റ്റുഡിയോ കം കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്ത് നടക്കുമെന്ന് പുരസ്‌കാര സമിതി ചെയര്‍മാന്‍ ആര്യാട് ഭാര്‍ഗ്ഗവന്‍, ജനറല്‍ കണ്‍വീനര്‍മാരായ ആര്‍ട്ടിസ്റ്റ് ബിജോയ് ശങ്കര്‍, ആര്‍ട്ടിസ്റ്റ് സജീവ് എന്നിവര്‍ അറിയിച്ചു. കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ‘കലയിലെ ആധുനിക പ്രവണതകള്‍’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. ശില്‍പി ജോയി കുടിക്കല്‍ പ്രബന്ധം അവതരിപ്പിക്കും. ആര്യാട് ഭാര്‍ഗ്ഗവന്‍ അധ്യക്ഷത വഹിക്കും. ചിത്രകാരന്മാരായ ജോണ്‍സണ്‍, ബാബു ഹസന്‍, രഞ്ജിത്, ബന്നി ജയിംസ്, ജഗല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് വെളിയനാട് പ്രമോദിനെ ആദരിക്കും. തുടര്‍ന്ന് ‘മായാമുദ്ര’ എന്ന ഡോക്യുമെന്ററി സിനിമയുടെ ചിത്രീകരണവും നടക്കും.