
കേരള ബാങ്കിന് ഹൈക്കോടതിയുടെ അനുമതി; എതിർ ഹര്‍ജികള്‍ തള്ളി
November 29, 2019കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാരിന് പുറത്തിറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും ഉൾപ്പെടെ നൽകിയ 21 ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. ഇതോടെ കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങിയിരിക്കുകയാണ്.
ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14-(എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങളില്ല. റിസര്‍വ് ബാങ്കിന്‍റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്‍റെ വിധിയ്ക്കു വിധേയമായേ ലയന നടപടികള്‍ പൂർത്തിയാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കേസില്‍ ഇപ്പോള്‍ വിധി വന്നത്