റോഡ് അപകട കേസുകള്‍ക്ക് നഷ്ടപരിഹാര തുക പത്തുമടങ്ങ് വര്‍ധിപ്പിക്കുന്നു

May 13, 2018 0 By Editor

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള ചുരുങ്ങിയ നഷ്ടപരിഹാര തുക പത്തുമടങ്ങ് കണ്ട് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍, വാഹനമുടമകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുകയും വൈകാതെ ഗണ്യമായി ഉയരും. റോഡപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം നിര്‍ദേശിക്കുന്നത്. അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് അര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ. ഓരോ വര്‍ഷവും ഈ തുക അഞ്ചു ശതമാനം വര്‍ധിക്കും. നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. റോഡപകട മരണം, സ്ഥിരമായ അംഗവൈകല്യം, ചെറിയ പരിക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ പ്രായമോ വരുമാനമോ മാനദണ്ഡമാക്കാതെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ വ്യവസ്ഥകള്‍ ഉപരിതല ഗതാഗത മന്ത്രാലയം വൈകാതെ വിജ്ഞാപനം ചെയ്യും.

മോേട്ടാര്‍ വാഹന നിയമപ്രകാരം ഇപ്പോള്‍ മരണത്തിന് 50,000 രൂപ മാത്രമാണ് നഷ്ടപരിഹാരത്തുക. വൈകല്യം സംഭവിച്ചാല്‍ 25,000 രൂപ. പ്രായവും വരുമാനവും ആശ്രിതരുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി തുകയില്‍ മാറ്റം വരും. നഷ്ടപരിഹാരം കിട്ടണമെങ്കില്‍ ഡ്രൈവറുടെ തെറ്റ് തെളിയിക്കാന്‍ സാധിക്കുകയും വേണം. ഇത്രയുംകുറഞ്ഞ തുക സ്വീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ ആരും തയാറല്ല. അതുകൊണ്ട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് (എം.എ.സി.ടി) എല്ലാ കേസുകളും പോകുന്നതാണ് സാഹചര്യം. അത് പരമാവധി കുറക്കാന്‍ ചുരുങ്ങിയ നഷ്ടപരിഹാരത്തുക ഉയര്‍ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് വാഹനാപകട നഷ്ടപരിഹാരത്തുക ഉയര്‍ത്തി നിശ്ചയിക്കുന്നത്. മന്ത്രാലയം മുന്നോട്ടുവെക്കുന്ന നഷ്ടപരിഹാരത്തേക്കാള്‍ ഉയര്‍ന്ന തുക കിട്ടുമെന്ന് കരുതുന്നവര്‍ക്ക് എം.എ.സി.ടിയെ സമീപിക്കാം.

എം.എ.സി.ടി കേസുകളില്‍ ശരാശരി മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം കിട്ടുന്നതെന്നാണ് സമീപവര്‍ഷങ്ങളിലെ കണക്ക്. അതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കുന്നത്. പ്രതിവര്‍ഷം ഒന്നരലക്ഷം പേര്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നു.