സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ്കോവിഡ് -19 ഉണ്ടാക്കിയതെന്ന്​ മുഖ്യമന്ത്രി

സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ്കോവിഡ് -19 ഉണ്ടാക്കിയതെന്ന്​ മുഖ്യമന്ത്രി

April 22, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് കോവിഡ് -19 വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ തനത് നികുതിവരുമാനം ലോക്ക് ഡൗൺ
കാരണം ഏതാണ്ട് നിലച്ച നിലയിലാണ്. ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷ മേഖലയില്‍ ഉണ്ടാകുന്ന ചെലവുകള്‍ ഒഴിവാക്കാനാവില്ലെന്നും ​അദ്ദേഹം പറഞ്ഞു.
കേരളം നിര്‍മാണമേഖലയിലും ടൂറിസം മേഖലയിലും നേടിയ വളര്‍ച്ച പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്‍റെ പിന്‍ബലത്തോടുകൂടിയുള്ള വാങ്ങല്‍ ശേഷിയാണ്. ഇതിന് ഗണ്യമായ ഇടിവു വന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ചെലവുകളുടെ ഭാഗമായി കൂട്ടാന്‍ കഴിയണം എന്ന നമ്മുടെ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുന്നു. കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. എന്ത് പ്രശ്​നങ്ങളുണ്ടായാലും നമുക്ക് മുന്നോട്ടുപോകാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ പ്രയാസങ്ങളും സഹിച്ചും സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നു എന്നത് ആശ്വാസകരമായ സംഗതിയാണ്. പ്രവാസി മലയാളികള്‍ പ്രതിസന്ധി ഘട്ടത്തിലും പോലും സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും വലിയതോതില്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതുകൊണ്ട് ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.