
മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ മനേകാ ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് അബ്ദുള്‍ വഹാബ് എംപി
June 5, 2020 0 By Editorമലപ്പുറത്തെ കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ മനേകാ ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് അബ്ദുള്‍ വഹാബ് എംപി. മലപ്പുറത്തിന്‍റെ ചരിത്രം പഠിക്കണമെന്നും രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ മലപ്പുറം നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കണമെന്നും അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു. വ ഇന്ത്യയിലെ ഏറ്റവും അക്രമമുള്ള ജില്ലയെന്ന് ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ കണക്ക് പറയണം. ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും ജില്ലയെ കുറിച്ച് ചോദിക്കണമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അബ്ദുള്‍ വഹാബ് എംപി ആവശ്യപ്പെട്ടു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മനേക ഗാന്ധിയോടാണ്. നിങ്ങളൊന്ന് മലപ്പുറത്തേക്ക് വരണം. എന്നിട്ട് ഈ നാട്ടു വഴികളിലൂടെ സഞ്ചരിക്കണം. മലപ്പുറത്തിന്റെ ചരിത്രം പഠിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഈ നാടു നൽകിയ സംഭാവനകൾ അറിയണം. ഗാന്ധിജിക്കും നൂറു വർഷം മുമ്പ് നികുതി നിഷേധ സമരം നടത്തിയ വെളിയങ്കോട് ഉമർ ഖാസിയുടെ നാടാണ് മലപ്പുറം. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ മമ്പുറം തങ്ങളുടെയും വാരിയൻകുന്നത്തിന്റെയും ആലി മുസ്ല്യാരുടെയും നാട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും പാടിപ്പറഞ്ഞ പൈതൃകമാണ് മലപ്പുറം. മഹാകവി മേല്പത്തൂർ നാരായണ ഭട്ടതിരിയും മഹാകവി മോയിൻകുട്ടി വൈദ്യരും ഈ മണ്ണിന്റെ മക്കളാണ്. തിരുന്നാവായയിലെ മാമാങ്കത്തിന്റെ ചരിത്രം മലപ്പുറത്തിന്റേതാണ്. പൊന്നാനിയുടെ പൈതൃകവും കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയും മലപ്പുറത്തിന്റെ സ്വന്തമാണ്.
വന്യജീവികളെ സംരക്ഷിക്കുന്ന മലയും കാടുകളും വനത്തെ ആശ്രയിക്കുന്ന ആദിവാസി സഹോദരങ്ങളും ഇവിടെയുണ്ട്. മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃക അറിയാൻ അങ്ങാടിപ്പുറത്തേക്ക് വരാം. തളി ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന പള്ളി കാണാം. ആ ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് സാമൂഹിക ദ്രോഹികൾ തീയിട്ടപ്പോൾ ആദ്യം ഓടിയെത്തിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ബാബരി മസ്ജിദ് തകർന്ന സമയത്ത് അമ്പലങ്ങൾക്ക് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്തതും ശിഹാബ് തങ്ങളാണ്. നിരവധി തവണ ഐക്യരാഷ്ട്രസഭയിൽ രാജ്യത്തിനു വേണ്ടി പ്രസംഗിക്കുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്ത ഇ. അഹമ്മദ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ലോക്സഭയിലെത്തിയത്. മലപ്പുറത്തുകാരനായ ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കേരളത്തിൽ ഒരു സംസ്‌കൃത സർവ്വകലാശാല സ്ഥാപിച്ചത്. കുറ്റിപ്പുറം പാലത്തിന്റെ ശിൽപിയും മുൻ കെ.പി.സി.സി പ്രസിഡന്റും മദ്രാസ് അസംബ്ലിയിലെ മുൻ മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോനെപ്പോലുള്ളവരുടെ കർമ മണ്ഡലമായിരുന്നു മലപ്പുറം. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റിന് നേതൃത്വം നൽകിയ ഇ.എം.എസ്സിന്റെ നാടാണ് മലപ്പുറം.
പറയാനാണെങ്കിൽ ഒരുപാടുണ്ട്. വർഗ്ഗീയക്കോമരങ്ങൾ എഴുതി വിടുന്നതു കേട്ടിട്ടല്ല ഒരു ജില്ലയെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ ഏറ്റവും വയലന്റായ ജില്ല എന്ന് ട്വീറ്റ് ചെയ്യുന്നതിനു മുമ്പ് ആ വയലൻസിന്റെ കണക്ക് പറയണം. ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും മലപ്പുറത്തെക്കുറിച്ച് ചോദിക്കണം. നുണകളുടെ കോട്ട കെട്ടും മുമ്പ് ഇവിടെ വന്നിട്ടൊന്ന് അനുഭവിക്കണം. ഒരിയ്ക്കൽ ഇവിടെ വന്നവർക്ക് പിന്നെ എങ്ങും പോകാൻ തോന്നാറില്ല. സർക്കാർ സർവ്വീസിനു വേണ്ടി അങ്ങനെ മലപ്പുറത്തെത്തി മലപ്പുറത്തുകാരായ എത്രയോ മനുഷ്യരുണ്ട്. അതുകൊണ്ട് മനേക ഗാന്ധിമാരേ, നിങ്ങളോട് മുമ്പൊരിക്കൽ പറഞ്ഞ കാര്യം തന്നെയാണ് പറയാനുള്ളത്. ”ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം.”
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല