ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റോ ?!  ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്

ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റോ ?! ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്

June 26, 2020 0 By Editor

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശം തള്ളുന്നതാണ് നാഗാലാന്‍ഡിലെ മലയാളിയായ ഐ.എ. എസ് ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോഡ്. കേരളത്തില്‍ വിവാദമായ ഓണ്‍ലൈന്‍ പഠനം ട്രയലായി തുടങ്ങിയത് ജൂണ്‍ ഒന്നിനായിരുന്നെങ്കില്‍ നാഗാലാന്‍ഡില്‍ മെയ് ഒന്നിന് തന്നെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. അതിന്റെ പിറകിലുള്ളത് നാഗാലാന്‍ഡിലെ വിദ്യാഭ്യാസ ഡയറക്ടരും 2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഓഫീസറുമായ സി.ഷാനവാസാണ്.

വടക്കുകിഴക്കന്‍ മേഖലയിലെ കൊച്ചു സംസ്ഥാനമായ നാഗാലാന്‍ഡില്‍ സാക്ഷരത 79.55 ശതമാനം വരുമെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ പിറകിലായിരുന്നു. കൊവി‌ഡ് വ്യാപനത്തെ തുടര്‍‌ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇനി സ്കൂള്‍ തുറന്നിട്ട് മതി വിദ്യാഭ്യാസം എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. ഈ സമയത്താണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ദൂര്‍ദര്‍ശന്‍ വഴി ക്ലാസുകള്‍ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടത്. ഇതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ ഷാനവാസ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മുന്‍കൈ എടുക്കുന്നത്. ലോക്ക്ഡൗണ്‍ ഉള്ളതിനാല്‍ തലസ്ഥാനമായ കൊഹിമയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും 50 ഓളം അദ്ധ്യാപകരെ തിരഞ്ഞെടുത്താണ് ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യാനുള്ള പഠന സാമഗ്രികള്‍ തയ്യാറാക്കിയത്. ആദ്യം വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ തന്നെ താല്‍ക്കാലിക വീഡിയോ റെക്കോഡിംഗ് സ്റ്റുഡിയോ തുടങ്ങി. ആദ്യം ദിവസം മൂന്നുമണിക്കൂറായിരുന്ന സംപ്രേഷണം. എട്ടു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കും 12ാം ക്ലാസിലേക്കും മെയ് ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് മുതല്‍ ഏഴ് ക്ലാസിലേക്കും വ്യാപിപ്പിച്ചു. വീട്ടില്‍ ടി.വി ഇല്ലാത്തവര്‍ക്ക് വില്ലേജ് ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും ടി.വി കാണാന്‍ സംവിധാനം ചെയ്തു. പല സ്ഥലങ്ങളിലും ദൂരദര്‍ശന് നെറ്റ് വര്‍ക്ക് കവറേജ് ഉണ്ടാക്കാന്‍ ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനവും തുടങ്ങി.

സാമൂഹ്യ മാദ്ധ്യമങ്ങളെയും ഓണ്‍ലൈന്‍ ക്ലാസിനായി കൂടുതല്‍ ആശ്രയിച്ചു. പഠിപ്പിച്ച എല്ലാ പാഠഭാഗങ്ങളും യൂട്യൂബ് വഴി പ്രചരിപ്പിച്ചു. ഡിപ്പാര്‍ട്ട്മെന്റിന്റെ ഫെയിസ് ബുക്ക് പേജ് വഴിയും പാഠഭാഗങ്ങള്‍ നല്‍കി. യൂട്യൂബില്‍ 20,700 ഉം ഫേസ് ബുക്ക് പേജില്‍ 12,500 സബ്സ്ക്രൈബേഴ്സ് ഉണ്ടിപ്പോള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ യൂട്യൂബ് ചാനല്‍ കാണുന്നുണ്ട്. ഇതുകൂടാതെ ക്ലാസ് അടിസ്ഥാനത്തില്‍ പാഠങ്ങളുടെ ഡി.വി.ഡിയും പെന്‍ഡ്രൈവുകളും വിതരണം ചെയ്യാനൊരുങ്ങുകയാണ് ഷാനവാസിന്റെ നേതൃത്വത്തില്‍ നാഗാലാന്‍ഡിലെ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരെയും പാഠഭാഗം തയ്യാറാക്കാനായി വിദ്യാഭ്യാസ വകുപ്പ് സമീപിച്ചിട്ടുണ്ട്.