
കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ പദ്ധതി
July 11, 2020തിരുവനന്തപുരം: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.
രണ്ടാഴ്ച കൊണ്ട് ഇതുവരെ 68,814 കുട്ടികള്‍ക്കാണ് മാനസിക സേവനം നല്‍കിയത്. ഇതില്‍ 10,890 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 13 കുട്ടികള്‍ക്ക് ഔഷധ ചികിത്സയും വേണ്ടിവന്നു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണം – മന്ത്രി പറഞ്ഞു.
ആശ വര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തയ്യാറാക്കി നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നമുള്ളതായി കണ്ടെത്തുന്ന കുട്ടികള്‍ക്ക് ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ പദ്ധതിയുടെ കീഴില്‍ കൗണ്‍സിലിംഗും നല്‍കി വരുന്നതായി മന്ത്രി വ്യക്തമാക്കി.