ഒമര്‍ ലുലുവിന് വേണ്ടി ഇടിക്കാന്‍ ഹോളിവുഡില്‍ നിന്നും 'പവര്‍ സ്റ്റാര്‍' എത്തും

വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും പ്രധാന വേഷത്തിലെത്തും. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവര്‍സ്റ്റാറിനുണ്ട്. ആക്ഷന്‍രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള തട്ടുപൊളിപ്പന്‍ ചിത്രമായിരിക്കും പവര്‍സ്റ്റാറെന്നാണ് അണിയറയില്‍ നിന്നു ലഭിക്കുന്ന വിവരംമലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി ആണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ലൂയിസ് മാന്‍ഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

'പവര്‍ സ്റ്റാറില്‍ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോര്‍ ഉണ്ടായിരിക്കും. പവര്‍സ്റ്റാറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടര്‍ ഒമര്‍ ലുലു എന്നോട് പവര്‍സ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയില്‍ എനിക്കറിയാവുന്ന ആക്ടേഴ്സില്‍ ചിലരോട്‌ ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തില്‍ സുഹൃത്തായ ലൂയിസ് മാന്‍ഡിലോറിനോടും ഞാന്‍ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതില്‍ തുറക്കാന്‍ പവര്‍സ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോള്‍ കാത്തിരുന്നോളൂ, 'പവര്‍ സ്റ്റാര്‍' എന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഇനി ലൂയിസ് മാന്‍ഡിലോറും ഉണ്ടാകും.!!'

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story