യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ സസ്‌പെന്‍ഡ് ചെയ്തു

യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ സസ്‌പെന്‍ഡ് ചെയ്തു

July 21, 2020 0 By Editor

തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ പോലീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സസ്‌പെന്‍ഷന്‍. സിറ്റി പോലീസ് കമ്മിഷണറുടേതാണ് നടപടി.വധശ്രമമുണ്ടായി എന്ന ജയഘോഷിന്റെ മൊഴി പൂര്‍ണമായും വിശ്വസനീയമല്ലെന്നും പോലീസ് പറഞ്ഞു.

കോണ്‍സല്‍ ജനറല്‍ പോയത് അറിയിക്കാതിരുന്നതും അറ്റാഷെ രാജ്യം വിട്ടത് അറിയിക്കാതിരുന്നതും സര്‍വീസ് റിവോള്‍വര്‍ മടക്കി ഏല്‍പ്പിക്കാത്തതും അടക്കമുളള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ ആത്മഹത്യാശ്രമം കൂടി നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷര്‍ ജയഘോഷിനെ സസ്‌പെന്ഡ് ചെയ്തത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

യുഎഇ കോണ്‍സണ്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്ഘോഷിന്റെ നിയമനത്തില്‍ അസ്വാഭാവികതയുളളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2020ജനുവരി എട്ടിനാണ് ജയ്ഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്. ഒരു വര്‍ഷത്തേക്ക് കൂടി ജയ്ഘോഷിന്റെ കാലാവധി നീട്ടിയത് ഡി.ജി.പിയുടെ ഉത്തരവിലൂടെയാണ്. എന്നാല്‍ ചട്ടലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ ജയ്ഘോഷിന്റെ നിയമന ഉത്തരവ് പോലീസ് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സ്വര്‍ണക്കടത്തുകേസിലെ ജയഘോഷിന്റെ പങ്ക് കസ്റ്റംസും എന്‍.ഐ.എയും അന്വേഷിച്ചുവരികയാണ്.