സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം: നാടിന്റെ വികസനമെന്നാല്‍ ഏതെങ്കിലും ചില വ്യവസായങ്ങള്‍ വരുന്നതല്ലെന്ന് പിണറായി

കണ്ണൂര്‍: നാട്ടില്‍ നടക്കില്ലെന്നു കരുതിയ കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നടന്നതായി നാട്ടുകാര്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള മൂന്നുവര്‍ഷം എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്ന…

കണ്ണൂര്‍: നാട്ടില്‍ നടക്കില്ലെന്നു കരുതിയ കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നടന്നതായി നാട്ടുകാര്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള മൂന്നുവര്‍ഷം എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്ന ഇടപെടലുകളുമായി മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പ്രോഗ്രസ് കാര്‍ഡായി അവതരിപ്പിച്ചതുപോലെ ഇത്തവണയും പ്രോഗ്രസ് കാര്‍ഡുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനം എന്നാല്‍ ഏതെങ്കിലും ചില വ്യവസായങ്ങള്‍ വരുന്നതല്ല. വ്യവസായങ്ങള്‍ക്കൊപ്പം എല്ലാ മേഖലകളിലും വികസനമുണ്ടായാലേ അത് വികസനമാകൂ. നാട്ടിലെ കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ നാട്ടുകാര്‍തന്നെ നദികള്‍ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങുന്നു. പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍ ജലസംഭരണികള്‍ വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ പോകുകയാണ്. മാലിന്യ സംസ്‌കരണത്തിനും ചില പ്രധാന പട്ടണങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റ് ആരംഭിക്കുന്നുണ്ട്.

ലോകോത്തര സൗകര്യങ്ങളുമായി പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. സര്‍ക്കാര്‍ ആശുപത്രികളും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. പുതിയ കാലഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ നാട്ടില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ എടുക്കുന്നുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ പ്രതിച്ഛായയെ മോശമാക്കിയിരുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനായി. ഇനിയുമെന്തെങ്കിലും പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കാന്‍ പോകുന്നില്ല എന്നു കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാകുകയാണ്. മലയോര, തീരദേശ ഹൈവേകള്‍ വരുന്നു. ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്. റെയില്‍വേ വികസനത്തിന് വേഗത കൂട്ടാനുള്ള നടപടികളും, കണ്ണൂര്‍ വിമാനത്താവളവും, അഴീക്കല്‍ പോര്‍ട്ടും തുടങ്ങി പറയാന്‍ ഒരുപാട് വികസനങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പദ്ധതികളെയും ധനസഹായങ്ങളെയും കുറിച്ച് അറിയാനുപകരിക്കുന്ന സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍' പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ഇ.പി. ലത കോപ്പി ഏറ്റുവാങ്ങി. ഗ്രാമങ്ങളില്‍ പിആര്‍ഡി ആരംഭിക്കുന്ന പിആര്‍ഡി സഹായകേന്ദ്രങ്ങളുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, മേയര്‍ ഇ.പി. ലത, പി.കെ. ശ്രീമതി എംപി എന്നിവര്‍ പ്രസംഗിച്ചു. പി. കരുണാകരന്‍ എംപി, എംഎല്‍എമാരായ ഇ.പി. ജയരാജന്‍, സി. കൃഷ്ണന്‍, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ സംബന്ധിച്ചു.മന്ത്രി കെ.കെ.ശൈലജ സ്വാഗതവും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story